ടെഹ്റാൻ : മിഡിൽ ഈസ്റ്റിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇന്ത്യക്കായി തുറന്നുനൽകുമെന്ന് ഇറാൻ വ്യക്തമാക്കി. അമേരിക്കയും ഇസ്റാഈലും ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ചതിനെത്തുടർന്ന് ലോകത്തെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന ഈ ജലപാത ഇറാൻ നിയന്ത്രിച്ചിരിക്കുകയായിരുന്നു. എന്നാൽ പാശ്ചാത്യ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും അടച്ചിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചി വ്യക്തമാക്കി.
ചൈന, റഷ്യ, പാക്കിസ്താൻ, ഇറാഖ്, ഇന്ത്യ എന്നിവരെയാണ് ഇറാൻ നിലവിൽ സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ബംഗ്ലാദേശിനും സമാനമായ പരിഗണന ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ഈ രാജ്യങ്ങൾ ഇറാനുമായി ആശയവിനിമയം നടത്തുകയും ഏകോപനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. യുദ്ധത്തിന് ശേഷവും ഈ രാജ്യങ്ങളുമായുള്ള സഹകരണം തുടരുമെന്നും വിദേശകാര്യ മന്ത്രി അറിയിച്ചു.
അതേസമയം ശത്രു രാജ്യങ്ങൾക്കും നിലവിലെ സംഘർഷത്തിൽ ഭാഗമായവർക്കും കടലിടുക്കിലൂടെ പ്രവേശനം അനുവദിക്കില്ല. അമേരിക്ക, ഇസ്റാഈൽ എന്നിവർക്കും അവർക്ക് പിന്തുണ നൽകുന്ന ഗൾഫ് രാജ്യങ്ങളിലെ കപ്പലുകൾക്കും ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകാൻ അനുമതി നൽകില്ലെന്ന് അരഘ്ചി വ്യക്തമാക്കി. മേഖല ഒരു യുദ്ധഭൂമിയാണെന്നും അതിനാൽ ശത്രുക്കളുടെ കപ്പലുകൾ കടത്തിവിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം പാക്കിസ്താനിലേക്ക് പോകുകയായിരുന്ന ഒരു കണ്ടെയ്നർ കപ്പൽ ഇറാൻ തടഞ്ഞിരുന്നു. യു എ ഇ യിലെ ഷാർജയിൽ നിന്നും കറാച്ചിയിലേക്ക് പോവുകയായിരുന്ന സെലൻ (SELEN) എന്ന കപ്പലാണ് ഐ ആർ ജി സി തടഞ്ഞത്. മതിയായ യാത്രാ അനുമതിയില്ലാത്തതിനെ തുടർന്നാണ് കപ്പൽ തിരിച്ചയച്ചത്. ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെത്തുടർന്ന് ഈ മേഖലയിലൂടെയുള്ള ഊർജ്ജ ഗതാഗതത്തിൽ 95 ശതമാനം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുദ്ധത്തിന് മുമ്പ് പ്രതിദിനം 120 ഓളം ഗതാഗതങ്ങൾ ഹോർമുസ് വഴി നടന്നിരുന്നുവെങ്കിൽ മാർച്ച് 1 മുതൽ 25 വരെ ആകെ കടത്തിവിട്ടത്, 155 ചരക്ക് കപ്പലുകൾ മാത്രമാണ്.
Post a Comment