കോടഞ്ചേരി: നവീകരിച്ച കണ്ണോത്ത് സെന്റ് മേരീസ് പള്ളിയുടെ കൂദാശ താമരശ്ശേരി രൂപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികത്വത്തിൽ നിർവഹിച്ചു.
1940 കളുടെ മധ്യത്തോടെ വയനാടൻ താഴ്വരയിലെ കണ്ണോത്ത് പ്രദേശത്ത് കുടിയേറ്റം ആരംഭിക്കുകയും 1945ൽ ഫാ. ജോൺ സെക്യൂറ കണ്ണോത്ത് ഇടവകയിൽ സേവനം ആരംഭിക്കുകയും 1947 നവംബർ 23ന് ആദ്യ ദേവാലയം നിർമ്മിക്കുകയും അന്നത്തെ കോഴിക്കോട് രൂപതാ മെത്രാൻ ആൽദോ മരിയ പത്രോണി ദേവാലയം കൂദാശ ചെയ്യുകയും ചെയ്തു.
ഇപ്പോഴത്തെ ദേവാലയം 1963 ൽ കുടിയേറ്റക്കാരുടെ പിതാവായ മാർ സെബാസ്റ്റ്യൻ വള്ളോപ്പള്ളിയാണ് വെഞ്ചിരിപ്പ് കർമ്മം നടത്തിയത്. ഈ ദേവാലയമാണ് നവീകരിച്ച് കൂദാശ നടത്തിയത്.
അമലോൽഭവ മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയം കൂദാശയ്ക്ക് ശേഷം ആരാധനയ്ക്കായി വിശ്വാസികൾക്ക് തുറന്നു നൽകുകയും തുടർന്ന് താമരശ്ശേരി രുപതാ അധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമ്മികത്വത്തിൽ കൃതജ്ഞത ബലിയർപ്പണവും നടത്തി. സി എസ് ടി കോഴിക്കോട് സെന്റ് തോമസ് പ്രൊവിൻഷ്യൽ ഫാ. ജോൺസൺ വരകപറമ്പിൽ, ഇടവകയിലെ സമർപ്പിതരുടെ പ്രതിനിധിയായി ഫാ. ബിനു അരീത്തറ എന്നിവർ സഹകാർമികരായി.
നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ച ഇടവക വികാരി ഫാ. ബിനു പുളിക്കൽ, അസിസ്റ്റന്റ് വികാരി ഫാ. എബിൻ മാടശ്ശേരി, കോൺട്രാക്ടർ ഷിജു ഭാസ്കർ പിറവം, നിർമ്മാണ കമ്മിറ്റി അംഗങ്ങൾ എന്നിവരെ താമരശ്ശേരി രൂപത അധ്യക്ഷൻ ആദരിച്ചു. തുടർന്ന് സ്നേഹവിരുന്നും നടന്നു.
Post a Comment