May 24, 2026

ഫ്രഷ് കട്ട് ജനകീയ സമരം പൊളിക്കാൻ ഗൂഢാലോചന; ഡി.ഐ.ജി യതീഷ് ചന്ദ്രക്കെതിരെ പുനരന്വേഷണം വേണം: അഡ്വ ബിജു കണ്ണന്തറ


താമരശ്ശേരി: കോഴിക്കോട് ജില്ലയിലെ അമ്പായത്തോട്ടിൽ പരിസ്ഥിതി നിയമങ്ങളും മനുഷ്യാവകാശങ്ങളും പൂർണ്ണമായി കാറ്റിൽപ്പറത്തി പ്രവർത്തിക്കുന്ന 'ഫ്രഷ് കട്ട് ഓർഗാനിക് പ്രോഡക്റ്റ്സ് പ്രൈവറ്റ് ലിമിറ്റഡ്' എന്ന കോഴി അറവ് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ പ്രദേശവാസികൾ നടത്തിവന്ന സമാധാനപരമായ ജനകീയ സമരത്തെ ക്രൂരമായി അടിച്ചമർത്താൻ ഗൂഢാലോചന നടത്തിയ ഡി.ഐ.ജി യതീഷ് ചന്ദ്രക്കെതിരെ പുനരന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ഫ്രഷ് കട്ട് വിരുദ്ധ നിയമ സഹായ സമിതി ചെയർമാനുമായ അഡ്വ. ബിജു കണ്ണന്തറ ആവശ്യപ്പെട്ടു. 

ഇത് സംബന്ധിച്ച് ഡി.ജി.പിക്ക് നേരത്തെ പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് പുനരന്വേഷണം ആവശ്യപ്പെട്ട് ബിജു കണ്ണന്തറ രംഗത്തെത്തിയത്. 

താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി, കോടഞ്ചേരി എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ നാലായിരത്തോളം വരുന്ന കുടുംബങ്ങളുടെ ജീവിതം കഴിഞ്ഞ ആറ് വർഷമായി ഈ പ്ലാന്റ് കാരണം ദുസ്സഹമായിരിക്കുകയാണ്. റെഡ് കാറ്റഗറിയിലുള്ള ഈ സ്ഥാപനം ജലാശയങ്ങളിൽ നിന്ന് 500 മീറ്റർ അകലെ മാത്രമേ പ്രവർത്തിക്കാവൂ എന്ന നിയമം നിലനിൽക്കെ, ഇരുതുള്ളിപ്പുഴയിൽ നിന്ന് 10 മീറ്റർ പോലും അകലം പാലിക്കാതെയാണ് പ്രവർത്തിക്കുന്നത്.

 മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്നും തദ്ദേശ സ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടറിൽ നിന്നും തെറ്റായ രീതിയിലൂടെ നേടിയ പ്രത്യേക അനുമതിയോടെയാണ് ഈ പ്ലാന്റ് ജനങ്ങളെ ദ്രോഹിക്കുന്നത്. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഇതിന്റെ പ്രവർത്തന അനുമതി നിഷേധിച്ചിട്ടുള്ളതും, മലിനീകരണ നിയന്ത്രണ ബോർഡ് തന്നെ ഇവർക്ക് ലൈസൻസ് നൽകരുതെന്ന് കാണിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകിയിട്ടുള്ളതുമാണ്. 

പ്രതിദിനം 25 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പ്ലാന്റിലേക്ക് 300 ടണ്ണിലധികം മാലിന്യമാണ് നിയമവിരുദ്ധമായി എത്തിക്കുന്നത്. ഈ ജനദ്രോഹ പ്ലാന്റിനെ സംരക്ഷിക്കാൻ ഡി.ഐ.ജി യതീഷ് ചന്ദ്ര നിരന്തരം ശ്രമിക്കുകയാണ്. ഈ കമ്പനിയുമായി അദ്ദേഹത്തിന് വഴിവിട്ട ബന്ധമാണുള്ളത്. 

 ഫ്രഷ് കട്ട് കമ്പനിയുടെ പാർട്ണറെ പോലെയാണ് യതീഷ് ചന്ദ്ര പ്രവർത്തിക്കുന്നത്. ഫ്രഷ് കട്ട് മുതലാളിമാരുമായി യതീഷ് ചന്ദ്രക്ക് മറ്റു ബിസിനസ് ബന്ധങ്ങൾ കൂടിയുണ്ടെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ബാംഗ്ലൂർ കേന്ദ്രമായാണ് ഇതെല്ലാം നടക്കുന്നത്. ഇക്കാര്യങ്ങൾ എല്ലാം അടങ്ങിയ തെളിവുകൾ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് കൈമാറിയതാണ്. എന്നിട്ടും ഇക്കാര്യത്തിൽ യാതൊരു അന്വേഷണവും നടന്നിട്ടില്ല. പോലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ജനങ്ങളോടുള്ള വെല്ലുവിളിയാണ് ഉണ്ടായിട്ടുള്ളത്. ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല.

 യതീഷ് ചന്ദ്ര പല വട്ടം ഫ്രഷ് കട്ട് എന്ന സ്ഥാപനം സന്ദർശിച്ചിട്ടുണ്ട്. ഫ്രഷ് കട്ട് മുതലാളിമാരുമായി പല സ്ഥലങ്ങളിലും വെച്ച് കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ട്. ഇതിന്റെ പിറകിലുള്ള താല്പര്യം എന്താണെന്ന് വെളിച്ചത്തു വരണം. 
 ഡിജിപിക്ക് നൽകിയ പരാതി അന്വേഷിച്ച കോഴിക്കോട് ഐ.ജിക്ക് ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം നടന്നിട്ടില്ല. 
ഫ്രഷ് കട്ട് മുതലാളിമാർ സംഘടിപ്പിക്കുന്ന പൊതു പരിപാടികളിൽ യതീഷ് ചന്ദ്ര സ്ഥിരമായി അതിഥിയായി എത്തുന്നത് ഗൗരവമായി കണ്ട് യതീഷ് ചന്ദ്രയെ ക്രമസമാധാന സുമതലയിൽ നിന്നും മാറ്റണം 

ഡി.ഐ.ജി ക്കെതിരെ നൽകിയ പരാതിയിൽ സത്യസന്ധമായ പുനരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന പോലീസ് മേധാവിക്കും ആഭ്യന്തരമന്ത്രിക്കും മുഖ്യമന്ത്രിക്കും വീണ്ടും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only