പേരാമ്പ്ര: കേരള രാഷ്ട്രീയത്തിലും മുസ്ലിം ലീഗ് ചരിത്രത്തിലും പുതിയ അധ്യായം കുറിച്ചുകൊണ്ട് പേരാമ്പ്രയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഫാത്തിമ തഹ്ലിയ വിജയത്തിലേക്ക്. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ, എൽ.ഡി.എഫ് സ്ഥാനാർത്ഥിയും മുൻ മന്ത്രിയുമായ ടി.പി. രാമകൃഷ്ണനേക്കാൾ ഏഴായിരത്തിലധികം വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷവുമായാണ് ഫാത്തിമ തഹ്ലിയ മുന്നേറുന്നത്.
മുസ്ലിം ലീഗിന്റെ എഴുപത്തിയഞ്ചു വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 1996-ൽ ഖമറുന്നീസ അൻവർ മത്സരിച്ചതിന് ശേഷം നീണ്ട 25 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നൂർബിന റഷീദ് മത്സരിച്ചിരുന്നെങ്കിലും വിജയിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇത്തവണ പേരാമ്പ്ര പിടിച്ചെടുക്കുമെന്ന യു.ഡി.എഫ് ആത്മവിശ്വാസം ഫാത്തിമ തഹ്ലിയയിലൂടെ യാഥാർത്ഥ്യമാവുകയാണ്.
ഇടതുകോട്ടയായി അറിയപ്പെടുന്ന പേരാമ്പ്രയിൽ, സിറ്റിംഗ് എം.എൽ.എ ടി.പി. രാമകൃഷ്ണനെതിരെ യുവത്വത്തിന്റെ കരുത്തുമായാണ് ഫാത്തിമ തഹ്ലിയ മത്സരരംഗത്തിറങ്ങിയത്. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ്, ഹരിതയുടെ സ്ഥാപക നേതാവ് എന്നീ നിലകളിൽ ശ്രദ്ധേയയായ ഫാത്തിമയുടെ ജനകീയതയും മണ്ഡലത്തിലെ വികസന ചർച്ചകളും യു.ഡി.എഫിന് അനുകൂലമായ തരംഗം സൃഷ്ടിച്ചു.
Post a Comment