ന്യൂഡൽഹി: ഹോർമുസ് പ്രതിസന്ധിക്കിടെ രാജ്യത്തെ എൽപിജി ഉപഭോഗം കുറയ്ക്കാൻ കർശന നടപടികളുമായി കേന്ദ്രസർക്കാർ. പൈപ്പിലൂടെ ലഭിക്കുന്ന പാചക വാതക (പിഎൻജി) കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടർ തിരികെ നൽകേണ്ടി വരും. ഇരട്ട കണക്ഷൻ ഉള്ളവരെ കണ്ടെത്താൻ എണ്ണക്കമ്പനികൾ നടപടി തുടങ്ങിയിട്ടുണ്ട്. ഗാർഹിക എൽപിജി കണക്ഷൻ ദുരുപയോഗം ചെയ്യുന്നതു തടയാൻ കൂടിയാണ് നീക്കം.
പുതിയ എൽപിജി ചട്ടങ്ങൾ പ്രകാരം ഒരേ വിലാസത്തിൽ എൽപിജി, പിഎൻജി കണക്ഷനുകൾ സ്വന്തമാക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. വീടിരിക്കുന്ന പ്രദേശത്ത് പിഎൻജി കണക്ഷനുള്ള സംവിധാനമുണ്ടെങ്കിൽ കുടുംബങ്ങൾ നിശ്ചിത കാലാവധിക്കുള്ളിൽ ഇതിലേക്ക് മാറണം. ഇതിന് അനുവദിച്ചിരിക്കുന്ന കാലപരിധി ജൂൺ 30ന് അവസാനിക്കും. മാറിയില്ലെങ്കിൽ എൽപിജി കണക്ഷൻ വിച്ഛേദിക്കാനോ സസ്പെൻഡ് ചെയ്യാനോ സർക്കാർ ഒരുങ്ങുകയാണെന്നും വിവരം.
പിഎൻജി കണക്ഷൻ ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ എൽപിജി ഒഴിവാക്കണമെന്നാണ് ചട്ടം. ഇനി വീട്ടുകാർ പിഎൻജി സൗകര്യം ഇല്ലാത്ത പ്രദേശത്തേക്കു താമസം മാറിയാൽ എൽപിജി കണക്ഷൻ പുനഃസ്ഥാപിക്കാനുള്ള സൗകര്യവുമുണ്ട്. എൽപിജി സിലിണ്ടറുകൾ സറണ്ടർ ചെയ്യുമ്പോൾത്തന്നെ ഇതിനുള്ള വൗച്ചറും ലഭിക്കും.
പിഎൻജി കണക്ഷൻ ഉള്ള കുടുംബങ്ങൾക്ക് ഈ മാസം മുതൽ എൽപിജി സിലിണ്ടറുകൾ നിറച്ചുനൽകേണ്ടതില്ലെന്നും ഇവരുടെ ബുക്കിങ് സ്വീകരിക്കേണ്ടതില്ലെന്നും എണ്ണക്കമ്പനികൾക്ക് സർക്കാർ നിർദേശമുണ്ട്. പിഎൻജി കണക്ഷനുള്ളവരുടെ ഡിജിറ്റൽ രേഖകൾ ഇതിനായി ഉപയോഗിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജൂൺ ഒന്നിന് പാചക വാതക വില വർധിക്കുമെന്ന ആശങ്കയും ശക്തമാണ്. എല്ലാ മാസത്തിന്റെയും തുടക്കത്തിലാണ് സാധാരണ പാചക വാതക വില പുനർനിശ്ചയിക്കുന്നത്. ഹോർമുസ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ മാസങ്ങളിൽ എണ്ണക്കമ്പനികൾ എൽപിജി വില കൂട്ടിയിരുന്നു. ഇക്കുറിയും അതുണ്ടാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഗാർഹിക ഉപഭോക്താക്കളെ ഒഴിവാക്കി വാണിജ്യ സിലിണ്ടറുകൾക്ക് മാത്രം വില കൂട്ടാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കിൽ രാജ്യത്തെ ഹോട്ടൽ അടക്കമുള്ള വ്യവസായ മേഖല കൂടുതൽ പ്രതിസന്ധിയിലാകും.
Post a Comment