Jun 4, 2026

ഞെട്ടിച്ച് വീണ്ടും വൻ ലഹരിവേട്ട, ‘ഓപ്പറേഷൻ തൂഫാനിൽ’ 137 പേർ അകത്തായി; ‘ഉറവിടം തേടി അന്വേഷണസംഘം

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയയുടെ വേരറുക്കാൻ ലക്ഷ്യമിട്ട് കേരള പോലീസ് നടത്തിയ ബൃഹത്തായ തിരച്ചിൽ പദ്ധതdrug hunt ‘ഓപ്പറേഷൻ തൂഫാൻ’ വൻ വിജയത്തിലേക്ക്. സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ പരിശോധനകളിൽ 104 കേസുകൾ രജിസ്റ്റർ ചെയ്യുകയും 137 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായി സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ അറിയിച്ചു. പിടിയിലായ ലഹരിസംഘങ്ങളിൽ നിന്ന് ഇവരുടെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിതരണ ശൃംഖലകളെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
വൻതോതിലുള്ള സിന്തറ്റിക് ലഹരിമരുന്ന് വേട്ടയാണ് ഈ ഓപ്പറേഷനിലൂടെ നടന്നത്. ഏകദേശം 500 ഗ്രാം എംഡിഎംഎയും 37 കിലോ കഞ്ചാവും വിവിധയിടങ്ങളിൽ നിന്നായി പോലീസ് പിടികൂടി. സ്കൂൾ പരിസരങ്ങളിലെ ലഹരി വിൽപ്പന തടയാനുള്ള നടപടികളുടെ ഭാഗമായുള്ള പരിശോധനകളും നടത്തി വരികയാണ്. സിന്തറ്റിക് ലഹരിമരുന്നിനൊപ്പം മറ്റ് ലഹരിവസ്തുക്കളുടെ വിതരണക്കാരും പോലീസിന്റെ വലയിലായിട്ടുണ്ടെന്നും ഡിജിപി വ്യക്തമാക്കി.
ലഹരി വസ്തുക്കളുടെ പ്രധാന സ്രോതസ്സുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളും ഈ അന്വേഷണത്തിലൂടെ പോലീസിന് ലഭിച്ചിട്ടുണ്ട്. കഞ്ചാവ് പ്രധാനമായും ആന്ധ്ര-ഒഡീഷ അതിർത്തികളിൽ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത്. എംഡിഎംഎ പോലുള്ള സിന്തറ്റിക് ലഹരിമരുന്നുകൾ ബെംഗളൂരു വഴിയും കരിപ്പൂർ, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയുമാണ് കടത്തുന്നത്. ഇത്തരം നെറ്റ്‌വർക്കുകളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടന്നു വരികയാണെന്ന് ഡിജിപി വ്യക്തമാക്കി.

ശാസ്ത്രീയമായ അന്വേഷണത്തിനായി ഓരോ സബ്ഡിവിഷനിലും നാല് പ്രത്യേക ടീമുകളെയാണ് പോലീസ് നിയോഗിച്ചിരിക്കുന്നത്. ഇന്റലിജൻസ് ശേഖരണം, ലഹരിമരുന്ന് കണ്ടെത്തൽ, അന്വേഷണം പൂർത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമർപ്പിക്കൽ, ലഹരി വിരുദ്ധ ബോധവൽക്കരണം എന്നിവയാണ് ഈ ടീമുകളുടെ പ്രധാന ചുമതലകൾ. എഫ്എസ്എൽ റിപ്പോർട്ടുകൾ വേഗത്തിൽ ലഭ്യമാക്കി കുറ്റപത്രം സമർപ്പിക്കുന്നതിലെ കാലതാമസം ഒഴിവാക്കാനുള്ള പ്രത്യേക പദ്ധതിയുമുണ്ടെന്ന് പോലീസ് മേധാവി അറിയിച്ചു.
അന്തർസംസ്ഥാന ലഹരി ബന്ധങ്ങൾ തകർക്കാൻ ആന്ധ്രപ്രദേശ് ഡിജിപിയുമായി ചേർന്ന് ഇന്റർസ്റ്റേറ്റ് മീറ്റിങുകൾ സംഘടിപ്പിക്കാൻ തീരുമാനമായിട്ടുണ്ട്. ദേശീയ അന്വേഷണ ഏജൻസികളുമായും ഡിആർഐ പോലുള്ള വിഭാഗങ്ങളുമായും ചേർന്ന് വരും ദിവസങ്ങളിൽ സംയുക്ത പരിശോധനകൾ തുടരും. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്താവളങ്ങൾ വഴിയുമുള്ള സിന്തറ്റിക് ഡ്രഗ്‌സ് കടത്ത് തടയാൻ ഇന്റലിജൻസ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്താനാണ് തീരുമാനമെന്നും ഡിജിപി വ്യക്തമാക്കി. ഓപ്പറേഷൻ തൂഫാൻ ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളിൽ പരിശോധനകൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only