ആഗോള വിപണിയിൽ അസംസ്കൃത എണ്ണ വില കുറയുന്നതും ഹോർമുസ് വഴിയുള്ള ചരക്കുനീക്കം പുനരാരംഭിച്ചതും നേട്ടമാക്കുകയാണ് എണ്ണക്കമ്പനികൾ. ബ്രെന്റ് ക്രൂഡ് വില ബാരലിന് 72-75 ഡോളർ നിലവാരത്തിലെത്തിയത് കമ്പനികളുടെ ലാഭം കുത്തനെ ഉയർത്തി. യുദ്ധകാലത്തെ ഉയർന്ന പ്രീമിയത്തിന് പകരം റഷ്യ വീണ്ടും വിലക്കിഴിവ് വാഗ്ദാനം ചെയ്യുന്നതും ഇറാൻ എണ്ണ വിപണിയിലെത്തുന്നതും യുഎഇ ഒപെക്കിൽനിന്ന് പുറത്തുപോയതും വിതരണക്കാർക്കിടയിൽ കടുത്ത മത്സരമുണ്ടാക്കിയിട്ടുണ്ട്. എണ്ണ വിലയിലെ ഇടിവിന് ഇതും കാരണമായി.
നിലവിൽ ഉയർന്ന വിലയ്ക്ക് വാങ്ങിയ എണ്ണയാണ് റിഫൈനറികൾ സംസ്കരിക്കുന്നത്. അതിനാൽ, വിലക്കുറവിന്റെ നേട്ടം ജൂലൈ-സെപ്റ്റംബർ പാദത്തിലെ വരുമാനത്തിൽ പ്രതിഫലിക്കും.
പെട്രോൾ, ഡീസൽ വില യുദ്ധത്തിന് മുമ്പുള്ള നിലവാരത്തേക്കാൾ ലിറ്ററിന് എട്ട് രൂപയോളം കൂടുതലാണ്. റീട്ടെയിൽ വിലയിൽ മാറ്റം വരുത്താതെ തുടരുകയും സർക്കാർ നികുതി ഇളവുകൾ പിൻവലിക്കാതിരിക്കുകയും ചെയ്താൽ റിഫൈനറികൾക്ക് സെപ്റ്റംബർ പാദത്തിൽ മികച്ച ലാഭം നേടാനാകും.
റിഫൈനറികൾ നിലവിൽ ഏറ്റവും വിലകുറഞ്ഞ എണ്ണ കണ്ടെത്താനുള്ള ശ്രമത്തിലാണ്. പശ്ചിമേഷ്യൻ വിതരണക്കാരുമായുള്ള കരാറുകൾ അവർ പുതുക്കി വരുന്നു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നത് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണം സുഗമമാക്കിയിട്ടുണ്ട്. തടസം നേരിട്ടിരുന്ന കാലയളവിൽ വിതരണം കുറയ്ക്കുകയോ നിർത്തുകയോ ചെയ്ത ഇറാഖ്, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഇപ്പോൾ കരാർ പ്രകാരമുള്ള അളവിൽ എണ്ണ നൽകാൻ തയ്യാറായിട്ടുണ്ട്.
ചില റിഫൈനറുകൾ ഇതിനകം തന്നെ ഓർഡറുകൾ നൽകാനും വിതരണം ക്രമീകരിക്കാനും ആരംഭിച്ചു കഴിഞ്ഞു. നിലവിലെ വിതരണ കരാറുകൾ അവസാനിക്കുന്നതോടെ വരും മാസങ്ങളിൽ പശ്ചിമേഷ്യൻ ക്രൂഡ് ഓയിലിന്റെ ഉപയോഗം വർധിക്കും.
Post a Comment