Jun 13, 2026

അൽഫോൻസാ മിനി ഫിഫ വേൾഡ് കപ്പ്: പോർച്ചുഗലിന് കിരീടം, ആവേശത്തിന് കൊടിയിറക്കം


തിരുവമ്പാടി: ഫിഫ ലോകകപ്പ് ആവേശം നാടെങ്ങും അലയടിക്കുന്നതിനിടെ, അൽഫോൻസാ കോളേജിലെ ഫുട്ബോൾ പ്രേമികൾ ഒന്നിച്ച മിനി ഫിഫ വേൾഡ് കപ്പിന് പ്രൗഢഗംഭീര സമാപനം. ആവേശപ്പോരാട്ടത്തിനൊടുവിൽ ടീം പോർച്ചുഗൽ കിരീടം ചൂടി. ഫൈനലിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കരുത്തരായ സ്പെയിനിനെ വീഴ്ത്തിയാണ് പോർച്ചുഗലിന്റെ ചരിത്രനേട്ടം.

ടൂർണമെന്റിലെ മികച്ച താരമായി ബി.കോം രണ്ടാം വർഷ വിദ്യാർത്ഥി അദ്നാൻ തിരഞ്ഞെടുക്കപ്പെട്ടു. വലകാത്ത് വിസ്മയിപ്പിച്ച ബി.കോം രണ്ടാം വർഷത്തിലെ റാഷിദ് മികച്ച ഗോൾകീപ്പറായും, പ്രതിരോധക്കോട്ട തീർത്ത ബി.ബി.എ രണ്ടാം വർഷ വിദ്യാർത്ഥി ദിനുൽ മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. 

തിരുവമ്പാടി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ജെയ്സൺ പോസ്റ്റർ റിവീലിങ്ങിലൂടെ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ എം ഏസി സൈക്കോളജി വിദ്യാർത്ഥിനി ജിംന ദാസ് വിജയിയായി. 

കോളേജ് മാനേജർ ഫാ. ആന്റണി കാരിക്കുന്നേലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന ചടങ്ങ് ആരവങ്ങളാൽ മുഖരിതമായി. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ ടീമുകളുടെ ഫാൻസ് ഷോ ചടങ്ങിന് കൊഴുപ്പേകി. 

പ്രിൻസിപ്പൽ ഷൈജു എലിയാസ്, വൈസ് പ്രിൻസിപ്പൽ സെബാസ്റ്റ്യൻ എം.സി, കോ-ഓർഡിനേറ്റർമാരായ സബിൻ തോമസ്, റോബിൻ ജോർജ്, കോളേജ് ചെയർമാൻ എബിൻ സണ്ണി, വൈസ് ചെയർപേഴ്സൺ മിൻഹ മുജീബ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 

രണ്ടു ദിവസങ്ങളിലായി നടന്ന ആവേശപ്പോരാട്ടങ്ങൾക്കൊടുവിൽ, കായികക്ഷമതയുടെയും സൗഹൃദത്തിന്റെയും പുതിയ അധ്യായം എഴുതിച്ചേർത്ത് അൽഫോൻസാ മിനി ഫിഫ വേൾഡ് കപ്പിന് കൊടിയിറങ്ങി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only