കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിവിധ സാമൂഹിക, രാഷ്ട്രീയ, സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ കുടുംബാരോഗ്യ കേന്ദ്രം പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചുകൊണ്ടാണ് പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചത്.
കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. സി.പി.ഐ.എം. കൂടരഞ്ഞി, സർവീസ് പെൻഷനേഴ്സ് യൂണിയൻ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വ്യാപാരി വ്യവസായി ഏകോപന സമിതി, ബി.ജെ.പി. കൂമ്പാറ മേഖല കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ മരത്തൈ നട്ടും പരിസ്ഥിതി സംരക്ഷണ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിച്ചും ദിനാചരണം നടത്തി.
പരിപാടിയിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി കക്കാടംപൊയിൽ, സ്ഥിരം സമിതി അധ്യക്ഷരായ നിസാറ ബീഗം, ആയിഷാബി ഷിയാസ്, വാർഡ് മെമ്പർമാരായ മോളി തങ്കച്ചൻ, ലീലാമ്മ മുള്ളനാനിക്കൽ, ഷീബ റോയ്, മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ, ഹെൽത്ത് ഇൻസ്പെക്ടർക്ക് കെ.ബി ശ്രീജിത്ത് , ജിജി കട്ടക്കയം (സി.പി.ഐ.എം.), കെ. വി. ജോസഫ് (സർവീസ് പെൻഷനേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ്), മുഹമ്മദ് പാതിപറമ്പിൽ (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്), വിജയൻ മണിയൻപാറ, ഷുക്കൂർ മിനർവ (സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ), വിൻസ് മാത്യു വിലങ്ങുപാറ (ബി.ജെ.പി.) എന്നിവർ പങ്കെടുത്തു.
ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ, സ്വതന്ത്ര ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികൾ എന്നിവരും പരിപാടിക്ക് നേതൃത്വം നൽകി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന സന്ദേശങ്ങളോടെയാണ് ദിനാചരണം സംഘടിപ്പിച്ചത്.
Post a Comment