മേപ്പാടി ∙ കള്ളാടി– ആനക്കാംപൊയിൽ തുരങ്കപ്പാതയുടെ പ്രാരംഭ നിർമാണം മേപ്പാടി– ചൂരൽമല റോഡിലെ മീനാക്ഷി ഭാഗത്തു പുരോഗമിക്കുന്നു. തുരങ്കം നിർമിക്കേണ്ട പാറയ്ക്കു സമീപത്തെ മണ്ണ് നീക്കുന്ന പ്രവൃത്തികളാണ് പുരോഗമിക്കുന്നത്. മേപ്പാടി– ചൂരൽമല റോഡിന് സമാനമായാണ് മണ്ണു നീക്കുന്നത്. തുരങ്കം ആരംഭിക്കുന്ന മീനാക്ഷി മലയടിവാരത്തിലേക്കുള്ള റോഡ് 60 മീറ്റർ വീതിയിൽ 300 മീറ്റർ നീളത്തിലാണ് നിർമാണം. ഇതു പൂർത്തിയാകുന്ന മുറയ്ക്കു തുരങ്കത്തിന്റെ പണിയും തുടങ്ങും. ആനക്കാംപൊയിൽ ഭാഗത്ത് ആദ്യം നിർമാണം ആരംഭിച്ച വലതുവശത്തെ തുരങ്കം 75 മീറ്ററോളം തുരന്നു കഴിഞ്ഞു. തുരങ്കദൂരം 100 മീറ്റർ ആയി കഴിയുമ്പോൾ നിർമാണ രീതി മാറ്റുകയും വേഗം കൂടുകയും ചെയ്യും. തുരങ്കത്തിന്റെ ആരംഭ ഭാഗത്ത് കോൺക്രീറ്റ് ചെയ്ത് തുരങ്ക മുഖം രൂപപ്പെടുത്തിയ ശേഷമാണ് പാറ തുരന്നു തുരങ്കം ഉള്ളിലേക്ക് എത്തിയത്.
2025 സെപ്റ്റംബർ 31ന് ആണ് തുരങ്കപ്പാത നിർമാണ ഉദ്ഘാടനം നടത്തിയത്. കഴിഞ്ഞ മാർച്ച് 6ന് ആണ് തുരങ്ക നിർമാണത്തിനായി ആദ്യ സ്ഫോടനം നടത്തിയത്. നിലവിൽ 3 ഷിഫ്റ്റുകളായി ഇൗ ഭാഗത്തു നിർമാണം പുരോഗമിക്കുന്നത്. വലതുവശത്തെ തുരങ്കം ഏറെദൂരം മുന്നോട്ടുപോയി കഴിഞ്ഞായിരിക്കും രണ്ടാമത്തെ തുരങ്കത്തിന്റെ നിർമാണം കാര്യമായി നടത്തുക. തുരങ്കത്തിൽ നിന്ന് എടുക്കുന്ന കല്ലുകൾ അവിടെ തന്നെയുള്ള ക്രഷർ യൂണിറ്റ് ഉപയോഗിച്ച് പൊടിച്ചും ചെറുകഷണങ്ങളാക്കിയും നിർമാണത്തിനു തന്നെ ഉപയോഗിക്കുകയാണ്. തുരങ്കനിർമാണത്തിനു സാധനങ്ങൾ എത്തിക്കാൻ കരാർ കമ്പനി 7 മാസം കൊണ്ട് ഇരുവഞ്ഞിപ്പുഴയ്ക്കു മുകളിൽ കോൺക്രീറ്റ് പാലം നിർമിച്ചിരുന്നു. അതിനാൽ കാലവർഷം എത്ര ശക്തിപ്പെട്ടാലും തടസ്സങ്ങളില്ലാതെ തുരങ്കനിർമാണം നടക്കും. ഒരേ സമയം മല തുരക്കുകയും മണ്ണ് മാറ്റുകയും തുരങ്ക പാത കവർ ചെയ്യുകയും ചെയ്യുന്ന ഓസ്ട്രേലിയൻ സാങ്കേതിക വിദ്യയായ കട്ട് ആൻഡ് കവർ സംവിധാനമാണ് നടപ്പാക്കുന്നത്.
ഇരട്ട തുരങ്കപ്പാതയുടെ ഓരോ 300 മീറ്റർ പിന്നിടുമ്പോഴും 2 പാതകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സംവിധാനവും ഒരുക്കും. പാറ തുരക്കാനുള്ള ബൂമർ മെഷീനുകൾ കഴിഞ്ഞ നവംബറിൽ എത്തിച്ചിരുന്നു. നിർമാണ ചുമതലയുള്ള ദിലീപ് ബിൽഡ്കോൺ കമ്പനി ഉത്തരാഖണ്ഡിൽ നിന്നാണു കൂറ്റൻ ട്രെയ്ലറിൽ മെഷീനുകൾ എത്തിച്ചത്. ഓഫിസ്, തൊഴിലാളികൾക്ക് താമസിക്കാനാവശ്യമായ കണ്ടെയ്നറുകൾ എന്നിവയും സ്ഥലത്തു സ്ഥാപിച്ചിട്ടുണ്ട്. വയനാട്ടിലെ മേപ്പാടി–കള്ളാടി–ചൂരൽമല റോഡ് കോഴിക്കോട് ജില്ലയിലെ മറിപ്പുഴ, മുത്തപ്പൻപുഴ–ആനക്കാംപൊയിൽ റോഡുമായി ബന്ധിപ്പിച്ചാണു തുരങ്ക നിർമാണം. പിന്നീട് തുരങ്കപ്പാതയ്ക്കു പ്രത്യേക റോഡ് നിർമിക്കും. തുരങ്കപ്പാതയ്ക്കായി മറിപ്പുഴ ഇരുവഞ്ഞിപ്പുഴയിൽ 4 വരി ആർച്ച് സ്റ്റീൽ പാലമാണ് നിർമിക്കുന്നത്. ഇതിന്റെ ടെൻഡർ പുനിയ കൺസ്ട്രക്‌ഷൻ കമ്പനിയാണ് ഏറ്റെടുത്തത്. 73.86 കോടി രൂപയ്ക്കാണു പാലത്തിന്റെയും അനുബന്ധ റോഡിന്റെയും ടെൻഡർ കമ്പനി കരസ്ഥമാക്കിയത്.
ഏറ്റെടുത്തത് 33 ഹെക്ടർ ഭൂമി
പദ്ധതിക്കായി 33 ഹെക്ടർ ഭൂമിയാണ് ഏറ്റെടുത്തത്. 5771 മീറ്റർ വനമേഖലയിലൂടെയും 2964 മീറ്റർ സ്വകാര്യ ഭൂമിയിലൂടെയുമാണ് തുരങ്കപ്പാത കടന്നു പോകുന്നത്. സ്വകാര്യ ഭൂമിയിൽ വയനാട്ടിൽ 8.0525 ഹെക്ടർ ഭൂമിയും കോഴിക്കോട് ജില്ലയിൽ 8.1225 ഹെക്ടർ ഭൂമിയും ഏറ്റെടുത്തു കൈമാറി. വയനാട്ടിൽ മേപ്പാടി- കള്ളാടി-ചൂരൽമല റോഡ് (സംസ്ഥാന പാത-59), കോഴിക്കോട്ട് ആനക്കാംപൊയിൽ-മുത്തപ്പൻപുഴ-മറിപ്പുഴ റോഡ് എന്നീ 2 റോഡുകൾ തുരങ്കപ്പാതയുമായി ബന്ധിപ്പിക്കും. കള്ളാടിയിൽ, മീനാക്ഷി പാലത്ത് സമുദ്ര നിരപ്പിൽ നിന്നു 851 മീറ്റർ ഉയരത്തിലാണ് വയനാട്ടിലെ പ്രവേശന കവാടം വരിക.
Post a Comment