തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെയും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരള തീരം വരെ സമുദ്രനിരപ്പില്‍ തീരദേശ ന്യൂനമർദപാത്തി നിലനില്‍ക്കുന്നുണ്ട്. ഇതിന് പുറമെ തെക്കൻ ജാർഖണ്ഡിനും സമീപ വടക്കൻ ഒഡീഷയുടെ ഉള്‍പ്രദേശങ്ങള്‍ക്കും മുകളിലായി തീവ്രന്യൂനമർദവും രൂപപ്പെട്ടിട്ടുണ്ട്. ഇത് ജാർഖണ്ഡ്, വടക്കൻ ഛത്തീസ്ഗഢ്, കിഴക്കൻ മധ്യപ്രദേശ് മേഖലകളിലൂടെ വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ വിലയിരുത്തല്‍.
ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ജൂലൈ 10 വരെ കേരളത്തിലും മാഹിയിലും വ്യാപകമായി നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ജൂലൈ 8 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ ലഭിക്കാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റർ വരെ, ചിലയിടങ്ങളില്‍ 60 കിലോമീറ്റർ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
Post a Comment