കോഴിക്കോട് : ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കുന്നതോടെ ആഴക്കടലിൽ ജീവിതം തേടി മത്സ്യത്തൊഴിലാ ളികൾ ബോട്ടുമായി ഇറങ്ങും. രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം മത്സ്യബന്ധനത്തിന് ഇറങ്ങുന്ന തൊഴിലാളികളുടെ നെഞ്ചിൽ ആവേശത്തിനൊപ്പം ആശങ്കയുമുണ്ട്.
ഹാർബറുകളിൽ ബോട്ടുകൾ കടലിൽ പോകാനുള്ള ഒരുക്കം ആരംഭിച്ചെങ്കിലും കുതിക്കുന്ന ഇന്ധന വിലയും മീൻ ലഭ്യത കുറവും തീരത്തെ ചിരി കെടുത്തുന്നുണ്ട്. ഒരു ബോട്ട് കടലിലിറക്കാൻ അറ്റകുറ്റപ്പണികൾക്കു മാത്രം അഞ്ച് ലക്ഷത്തോളം രൂപ ചെലവാകുന്നുണ്ട്.
ഓരോ യാത്രയ്ക്കും ഡീസലിനായി ലക്ഷങ്ങളാണ് മുടക്കേണ്ടത്. ഇതിനു പുറമെ ഐസ്, ഭക്ഷ്യസാധനങ്ങൾ, തൊഴിലാളികളുടെ വേതനം തുടങ്ങി ലക്ഷങ്ങളുടെ ചെലവ് വേറെയും. അതേസമയം, ഇത്തവണ മഴ ഗണ്യമായി കുറഞ്ഞത് മത്സ്യലഭ്യതയെ ബാധിക്കുമെന്ന് തൊഴിലാളികൾ തന്നെ പറയുന്നു.
ജില്ലയിൽ ഏകദേശം 500 യന്ത്രവത്കരണ ബോട്ടുകളാണുള്ളത്. അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ബോട്ടുകൾ കടലിലിറക്കാനുള്ള തിരക്കാണ് ഹാർബറുകളിൽ. എന്നാൽ ലിറ്ററിന് 102 രൂപയോളം വരുന്ന ഡീസൽ വില ബോട്ടുടമകൾക്ക് കനത്ത ബാദ്ധ്യതയാണ്. ഒരു ദിവസത്തെ യാത്രയ്ക്ക് മാത്രം 300 മുതൽ 500 ലിറ്റർ വരെ ഡീസൽ വേണം.
500 ലിറ്റർ ഡീസൽ നിറച്ചാൽ 51,000 രൂപ ചെലവാകും. മത്സ്യബന്ധനത്തിനിടെ മണിക്കൂറിൽ 40 ലിറ്റർ വരെ ഡീസൽ ആവശ്യമായതിനാൽ ദിവസങ്ങൾ നീളുന്ന യാത്രകളിൽ ഡീസൽ ചെലവ് ലക്ഷങ്ങൾ കടക്കും. ഐസ്, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, മത്സ്യബന്ധന ഉപകരണങ്ങൾ എന്നിവയ്ക്കുള്ള ചെലവും കുത്തനെ ഉയർന്നിട്ടുണ്ട്. ഇത്രയും രൂപ ചെലവാക്കിയിട്ടും മീൻ കുറഞ്ഞാൽ വലിയ സാമ്പത്തിക തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ബോട്ടുടമകളും തൊഴിലാളികളും.
സർക്കാർ വാഗ്ദാനം ചെയ്ത സമാശ്വാസ ധനസഹായം ലഭിച്ചിട്ടില്ല. മത്സ്യതൊഴിലാളി, സംസ്ഥാന കേന്ദ്ര സർക്കാരുകൾ 1500 രൂപ വിഹിതമാണ് അടക്കുന്നത്. 4500രൂപയാണ് തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇത് പലർക്കും ഇത്തവണ ലഭിച്ചിട്ടില്ല. സൗജന്യ റേഷനും മുടങ്ങി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ മഴ കുറഞ്ഞത് മത്സ്യ ലഭ്യതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. സാധരണയായി കൊഞ്ചും ചൂരയും കൂന്തളും കിളിമീനുമാണ് ട്രോളിംഗ് നിരോധനം കഴിഞ്ഞിറങ്ങുന്ന തൊഴിലാളികൾക്ക് ലഭിക്കുന്നത്.എന്നാൽ മഴ കുറഞ്ഞതിനാൽ മത്സ്യങ്ങൾ അടിത്തട്ടിലേക്ക് മാറും. അതേസമയം ട്രോളിംഗ് കഴിയുന്നതോടെ മീൻവില കുറയുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ. നിലവിൽ മത്തിക്ക് 300, അയലയ്ക്ക് 460രൂപയുമാണ് കിലോ വില.
Post a Comment