Jul 25, 2026

മലബാർ റിവർ ഫെസ്റ്റിവൽ: ചളിക്കളിയുടെ ആവേശം ഇന്ന് ഓമശ്ശേരിയിൽ


ചിലർ ചേറിൽ കാല് കുത്തുന്നത് കൊണ്ടാണ് മറ്റുള്ളവർക്കും ചോറിൽ കൈ കുത്താൻ കഴിയുന്നത് എന്ന ആപ്തവാക്യം പൂർണ്ണമായും ഉൾക്കൊണ്ടും മണ്ണും മനുഷ്യനുമായുള്ള അഭേദ്യ ബന്ധം ഓർമ്മിപ്പിച്ചും മലബാർ റിവർ ഫെസ്റ്റിവലിൻ്റെ ഭാഗമായി ഓമശ്ശേരി ഗ്രാമ പഞ്ചായത്തിന്റെയും സമീക്ഷ ക്ലബ്ബിൻ്റെയും നേതൃത്വത്തിൽ ഓമശ്ശേരി റൊയാഡ് ഫാം ഹൗസിൽ വച്ച് മഡ് ഫുട്ബോളും മീൻ ചവിട്ടിപ്പിടുത്തവും പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 

ഇന്ന് (25- ാം തിയ്യതി ശനിയാഴ്ച) രാവിലെ പത്തര മണിക്ക് ഓമശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് സൂപ്പർ സൗദ ടീച്ചറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് കൊടുവള്ളി എംഎൽഎ പി.കെ ഫിറോസ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. മുക്കം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വ ചാന്ദ്നി, കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, തിരുവമ്പാടി പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട്, കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു, കാരശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് അബ്ദുൽ അക്ബർ, കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് കവിത ടീച്ചർ തുടങ്ങിയവർ പങ്കെടുക്കും.

 വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനംതിരുവമ്പാടി എംഎൽഎ സി കെ കാസിം  ഉദ്ഘാടനം ചെയ്യുകയും വിജയികൾക്ക് സമ്മാനം വിതരണം നടത്തുകയും ചെയ്യും. 

കാർഷിക പാരമ്പര്യങ്ങളിലേക്ക് ജനഹൃദയങ്ങളെ തിരികെ കൊണ്ടുപോകുന്ന ഈ മനോഹര ഉത്സവത്തിനായി റൊയാഡ് ഫാം ഹൗസിലെ വേദികൾ പൂർണ്ണമായും തയ്യാറായി കഴിഞ്ഞു. 

 ചേറിലെ മീൻ ചവിട്ടിപ്പിടുത്തം വൈകുന്നേരം 5 മണിക്കും പുഴയും മണ്ണും എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം രാവിലെ 11 മണിക്കും നടക്കും 

ജൂലൈ 30, 31, ആഗസ്റ്റ് 1, 2 തിയ്യതികളിൽ കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലായി നടക്കുന്ന മലബാർ റിവർ ഫെസ്റ്റിവൽ കയാക്കിങ് ചാമ്പ്യൻഷിപ്പിന്റെ പ്രീ ഇവന്റുകളിൽ ഏറെ ആവേശോജ്ജ്വലമായതാണ് ഓമശ്ശേരിയിൽ നടക്കുന്ന മഡ് ഫുട്ബോൾ മത്സരം. കക്കാടംപൊയിലിൽ പട്ടം പറത്തൽ ഉത്സവം, ചൂണ്ടിയിടൽ മത്സരം, കോഴിക്കോട് നിന്ന് കക്കാടംപൊയിൽ വഴി കോടഞ്ചേരി തുഷാരഗിരി യിലേക്ക് ബുള്ളറ്റ് റാലി, കയാക്കിങ് ബ്രഷ് സ്ട്രോക്ക്സ്, കോടഞ്ചേരിയിൽ വനിതകളുടെ വടംവലി മത്സരം, ഷട്ടിൽ ടൂർണമെൻ്റ്, കാരശ്ശേരിയിൽ ഫുട്ബോൾ ടൂർണ്ണമെൻ്റ്, ചെസ്സ് ടൂർണമെൻ്റ് തുടങ്ങിയവയാണ് ഇനി നടക്കാനുള്ള പ്രീ ഇവൻറുകൾ.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only