പണിയാരംഭിച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും പൂർത്തിയാവാത്ത മുക്കം നഗര സൗന്ദര്യവത്കരണ പ്രവൃത്തിയുടെ രണ്ടാം ഘട്ടം ഉടൻ പൂർത്തിയാക്കാൻ നിർദേശിച്ച് എം.എൽഎ. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് സി.കെ കാസിം എം എൽ എ നിർദേശം നൽകിയത്. പ്രവൃത്തിക്കെതിരെ വ്യാപാരികളുടേയും യാത്രക്കാരുടെയും നിരന്തര പരാതികൾ ഉയർന്നിരുന്നുവെങ്കിലും ഇതൊന്നും വകവെക്കാതെ കരാറുകാരൻ മുന്നോട്ട് പോവുന്ന സാഹചര്യമായിരുന്നു. പ്രവൃത്തിയുടെ ഭാഗമായി മാസങ്ങളായി പല സ്ഥലങ്ങളിലും പൊളിച്ചിടുകയും പുതിയ ബസ് സ്റ്റാൻ്റ് അടച്ചിടുകയും ചെയ്തതോടെ മുക്കത്തെ വ്യാപാരികൾക്ക് പെരുന്നാൾ കച്ചവടവും പൂർണമായും നഷ്ടമായിരുന്നു.ഓണം സീസൺ കൂടി നഷ്ടമാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്ന സാഹചര്യത്തിലാണ് എം എൽ എ യുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ച് സംയുക്ത യോഗം ചേർന്നത്.
പൊതുമരാമത്ത് വകുപ്പ്, ജല അതോറിറ്റി, ജനപ്രതിനിധികളുടെ യോഗം ചേർന്ന് ഉടൻ പ്രവൃത്തി പൂർത്തീകരിക്കാനാണ് തീരുമാനം. ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാവാത്ത തരത്തിൽ പൊതുമരാമത്ത് വകുപ്പിൻ്റേയും അതോറിറ്റിയുടേയും പ്രവൃത്തി എത്രയും പെട്ടന്ന് പൂർത്തിയാക്കാനും പുതിയ ബസ് സ്റ്റാൻ്റ് ഉടൻ തുറന്ന് കൊടുക്കാനും എം എൽ എ നിർദേശം നൽകി.എം എൽ എ ഓഫീസിൽ നടന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ സജീഷ് വയലത്ത്,ശരീഫ് വെണ്ണക്കോട്,സുഹറ വഹാബ്,ജിജി ജയരാജ്,ഹനീഫ തെച്ചിയാട്,ഷബാന,പി.ഡബ്യൂ ഡി എക്സിക്യൂട്ടിവ് എഞ്ചിനിയർ കെ.വി സുജീഷ് , അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ പി.കെ രൻജി ,അസിസ്റ്റൻ്റ് എഞ്ചിനീയർ പി. അതുൽ, വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എഞ്ചിനിയർ എൽ. വിഷ്ണുജി, അസിസ്റ്റന്റ എക്സിക്യൂട്ടിവ് എഞ്ചിനിയർമാരായ എം.ജി അഖിൽ , എം.കെശ്രീജിത്ത് ,അസിസ്റ്റൻ്റ് എഞ്ചിനീയർ രൂപേഷ് വ്യാപാരി നേതാക്കളായ അലി അക്ബർ, അനീസ് വിപിഎന്നിവർ പങ്കെടുത്തു.
Post a Comment