തിരുവനന്തപുരം: കേരളത്തിൽ ഇന്ന് (ജൂലൈ 30) മുതൽ ഓഗസ്റ്റ് 2 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ശക്തമായ കാറ്റ് വീശുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. കാറ്റും മഴയും ഉണ്ടാകുമ്പോൾ മരങ്ങളുടെ ചുവട്ടിൽ നിൽക്കുകയോ വാഹനങ്ങൾ പാർക്ക് ചെയ്യുകയോ ചെയ്യരുത്. അപകടസാധ്യതയുള്ള മരച്ചില്ലകൾ വെട്ടിമാറ്റുകയും ഉറപ്പില്ലാത്ത പരസ്യബോർഡുകൾ, കൊടിമരങ്ങൾ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ സുരക്ഷിതമാക്കുകയും വേണം.
കാറ്റ് ശക്തമാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുകയും ഷീറ്റ് മേൽക്കൂരയുള്ളതോ സുരക്ഷിതമല്ലാത്തതോ ആയ വീടുകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും ചെയ്യണം.
വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൊട്ടിവീഴാൻ സാധ്യതയുള്ളതിനാൽ അപകടങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ KSEB-യുടെ 1912 കൺട്രോൾ റൂമിലോ 1077 ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കൺട്രോൾ റൂമിലോ വിവരം അറിയിക്കണം. വൈദ്യുതി അറ്റകുറ്റപ്പണികൾ പൊതുജനങ്ങൾ സ്വമേധയാ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
അതിരാവിലെ ജോലിക്ക് പോകുന്നവരും നിർമാണ തൊഴിലാളികളും കർഷകരും പ്രത്യേക ജാഗ്രത പാലിക്കണമെന്നും, മഴയും ഇടിമിന്നലും സംബന്ധിച്ച NOWCAST മുന്നറിയിപ്പുകളും ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Post a Comment