ആലപ്പുഴ : ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനി സാവരിയ ബസന്ത് (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയായ സഹപാഠിക്കെതിരെ കേരള പോലീസും കേസെടുത്തു. പെരിന്തൽമണ്ണ സ്വദേശിയായ പ്രതി സാദറുൽ അനാമിനെതിരെ (23) കൊലക്കുറ്റം ചുമത്തി ഹരിപ്പാട് പോലീസാണ് കേസന്വേഷണം ആരംഭിച്ചത്.
കൊല്ലപ്പെട്ട ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവരിയ ബസന്തിന്റെ മൃതദേഹം ഇന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ വെച്ച് റീ-പോസ്റ്റ്‌മോർട്ടം ചെയ്യും. പെൺകുട്ടിയുടെ സഹപാഠിയും സുഹൃത്തുമായ പ്രതി സാദറുൽ അനാം നിലവിൽ ഉസ്ബെക്കിസ്ഥാൻ പോലീസിന്റെ കസ്റ്റഡിയിലാണ്.
ഉസ്ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ അവസാന വർഷ വിദ്യാർത്ഥികളായിരുന്നു ഇരുവരും. കഴിഞ്ഞ ദിവസം ഇവർ താമസിച്ചിരുന്ന മുറിയിൽ വെച്ചുണ്ടായ തർക്കത്തിനിടെ പ്രതി ലാപ്ടോപ്പ് കൊണ്ട് സാവരിയയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെ തുടർന്ന് വീട്ടുകാർ അവിടെയുള്ള സുഹൃത്തുക്കൾ വഴി അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം നാട്ടിലറിയുന്നത്. തുടർന്ന് നാട്ടിലെത്തിച്ച സാവരിയയുടെ ദേഹത്തിൽ നിരവധി മുറിവുകളുണ്ടെന്ന് കുടുംബം കണ്ടെത്തിയിരുന്നു.പ്രതി സാദറുൽ അനാം മുൻപും സാവരിയയെ പലതവണ ഉപദ്രവിച്ചിരുന്നതായി സംശയമുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സാവരിയയുടെ പിതാവ് ബസന്ത് ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.വിദേശത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും ഇന്ത്യൻ പൗരന്മാർ ഉൾപ്പെട്ടതിനാലും കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലും പ്രത്യേക നിയമപ്രകാരമാണ് ഹരിപ്പാട് പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തത്. മരണത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനാണ് വണ്ടാനം മെഡിക്കൽ കോളേജിൽ ഇന്ന് റീ-പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന്റെ യഥാർത്ഥ കാരണമെന്താണെന്ന് കണ്ടെത്താൻ വിദേശകാര്യ മന്ത്രാലയം വഴിയും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
Post a Comment