Jul 7, 2026

തിരുവമ്പാടി മണ്ഡലത്തിൽ എംഎൽഎ ഫണ്ട് പ്രവൃത്തികൾ വിലയിരുത്തി; പൂർത്തിയാകാത്ത പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം


മുക്കം: തിരുവമ്പാടി മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ എംഎൽഎ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിവരുന്ന വികസന പ്രവൃത്തികളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകനയോഗം ചേർന്നു. സി.കെ. കാസിം എംഎൽഎയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിവിധ പദ്ധതികളുടെ നിലവിലെ പുരോഗതി വിശദമായി വിലയിരുത്തി.
മണ്ഡലത്തിൽ വിവിധ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലായി നടപ്പിലാക്കുന്ന റോഡ് വികസനം, കെട്ടിടനിർമാണം, കുടിവെള്ളം, അടിസ്ഥാന സൗകര്യ വികസനം എന്നിവയുൾപ്പെടെയുള്ള പദ്ധതികളുടെ പുരോഗതി ഉദ്യോഗസ്ഥർ യോഗത്തിൽ അവതരിപ്പിച്ചു.
നിർമാണം പൂർത്തിയാകാതെ നീണ്ടുപോകുന്ന പദ്ധതികൾ അടിയന്തരമായി പൂർത്തീകരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട നിർവഹണ ഉദ്യോഗസ്ഥർക്ക് എംഎൽഎ നിർദേശം നൽകി. പൊതുജനങ്ങൾക്ക് സമയബന്ധിതമായി പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനായി നിർമാണ പ്രവർത്തനങ്ങളിലെ തടസ്സങ്ങൾ പരിഹരിച്ച് വേഗത്തിൽ പൂർത്തീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പദ്ധതികളുടെ നിർവഹണത്തിൽ കാലതാമസം ഒഴിവാക്കി നിശ്ചിത സമയപരിധിക്കുള്ളിൽ എല്ലാ പ്രവൃത്തികളും പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഏകോപിതമായി പ്രവർത്തിക്കണമെന്ന് യോഗം തീരുമാനിച്ചു.
ഹൈലൈഫ് ഓഡിറ്റോറിയത്തിൽ നടന്നയോഗത്തിൽ ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടിവ് എഞ്ചിനിയർ  ഹസ്റ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എഞ്ചിനിയർ ചിത്ര, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ബിസ്നി വിവിധ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ്എഞ്ചിനിയർമാർഎന്നിവർ യോഗത്തിൽ പങ്കെടുത്തു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only