ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാഭ്യാസത്തിന്
പോയ മലയാളി പെൺകുട്ടി സഹപാഠിയുടെ മർദ്ദനമേറ്റ് മരിച്ചു. ആലപ്പുഴ ഹരിപ്പാട് പിലാപ്പുഴ പുതുക്കാട് സ്വദേശിനി സാവരിയ (22) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ എരുവത്ത് സ്വദേശിയുമായ സാദുരിൽ അനാമിനെ (23) ഉസ്ബെക്കിസ്ഥാൻ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവരും ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ മൂന്നാം വർഷ വിദ്യാർത്ഥികളാണ്. കഴിഞ്ഞ ഡിസംബറിലാണ് സാവരിയ പഠനത്തിനായി ഉസ്ബെക്കിസ്ഥാനിലേക്ക് പോയത്. കഴിഞ്ഞ നാല് ദിവസം മുൻപാണ് ദാരുണമായ സംഭവം നടന്നതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. പോലീസ് നൽകുന്ന പ്രാഥമിക വിവരങ്ങൾ പ്രകാരം, ഇരുവരും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് പ്രകോപിതനായ പ്രതി, കയ്യിലുണ്ടായിരുന്ന ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്ക് ശക്തമായി അടിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായത്. ആക്രമണത്തിന് ശേഷം പ്രതി തന്നെ സാവരിയയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണം സംഭവിക്കുകയായിരുന്നു. ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് ഉസ്ബെക്കിസ്ഥാൻ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
കുവൈറ്റിൽ ജോലി ചെയ്യുന്ന സാവരിയയുടെ പിതാവ് വിവരമറിഞ്ഞ് ഉസ്ബെക്കിസ്ഥാനിലേക്ക് പോകാൻ ശ്രമിച്ചെങ്കിലും വിസ സംബന്ധമായ സാങ്കേതിക തടസ്സങ്ങൾ കാരണം സാധിച്ചില്ല. തുടർന്ന് പെൺകുട്ടിയുടെ അമ്മാവനാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. ഉസ്ബെക്കിസ്ഥാനിൽ നിന്നും ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം, ആവശ്യമായ നിയമനടപടികൾക്ക് ശേഷം ഇന്ന് രാത്രിയോടെ ഹരിപ്പാടുള്ള വീട്ടിലെത്തിക്കും.
Post a Comment