Jul 30, 2026

പിഎം ശ്രീ പദ്ധതിയുമായി സർക്കാർ മുന്നോട്ട്; വീര്യം കുറഞ്ഞ മദ്യം: പരിശോധിക്കാൻ സമിതി


തിരുവനന്തപുരം: സംസ്ഥാനത്തു വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യുന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കാന്‍ യുഡിഎഫ് ഉപസമിതിയെ ചുമതലപ്പെടുത്തി. ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഉപസമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. വീര്യം കുറഞ്ഞ മദ്യത്തിനു ബജറ്റില്‍ കുറഞ്ഞ നികുതി നിശ്ചയിച്ചതു വിവാദമായ സാഹചര്യത്തിലാണ് മദ്യവില്‍പന സംബന്ധിച്ച് യുഡിഎഫ് ചര്‍ച്ച ചെയ്ത ശേഷം തീരുമാനമെടുക്കാന്‍ മാറ്റിവച്ചത്. രണ്ടാം ഭൂപരിഷ്‌കരണം, സ്വകാര്യനിക്ഷേപ നിലപാട് എന്നിവയും ചർച്ചയായതായാണ് വിവരം.

പിഎം ശ്രീ വിഷയത്തില്‍ ഇടതു സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടു പണം വാങ്ങിയതിനാല്‍ പദ്ധതിയില്‍ നിന്നു പിന്മാറാന്‍ കഴിയില്ലെന്ന വിലയിരുത്തലാണ് യുഡിഎഫ് യോഗത്തിലുണ്ടായത്. ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ട് യുഡിഎഫ് വീണ്ടും ചര്‍ച്ച ചെയ്യും. ബോര്‍ഡ്, കോര്‍പറേഷന്‍ വീതംവയ്പ് സംബന്ധിച്ച് കോണ്‍ഗ്രസ് മറ്റു ഘടകകക്ഷികളുമായി തിങ്കളാഴ്ച മുതല്‍ ചര്‍ച്ച നടത്തും.

മുതിര്‍ന്ന നേതാക്കള്‍ക്കു കാബിനറ്റ് റാങ്കില്‍ പദവി നല്‍കുന്ന കാര്യം അടുത്തമാസം ആദ്യം തീരുമാനിക്കുമെന്നു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. വീര്യം കുറഞ്ഞ മദ്യവുമായി ബന്ധപ്പെട്ട ഉപസമിതി നല്‍കുന്ന റിപ്പോര്‍ട്ട് അടക്കമുള്ള കാര്യങ്ങള്‍ ഓണം കഴിഞ്ഞ് ഒരു ദിവസം നീളുന്ന വിശാല യുഡിഎഫ് ചേര്‍ന്ന് വിലയിരുത്തും.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only