Aug 14, 2026

മൈസൂരു-ബെംഗളൂരു പാതയിൽ ബസിനുനേരെ മുട്ടയെറിഞ്ഞ് കവർച്ച; 2 ജീവനക്കാർ മരിച്ച KSRTC അപകടത്തിലും ദുരൂഹത

മൈസൂരു-ബെംഗളൂരു ദേശീയപാതയിൽ ബിഡദിയിൽ രണ്ടു ജീവനക്കാരുടെ മരണത്തിനിടയാക്കിയ കെ.എസ്.ആർ.ടി.സി. ബസ് അപകടത്തിനുകാരണം മുട്ടയേറെന്ന് സംശയം. ഇതേ പാതയിലെ മറ്റൊരു കെ.എസ്.ആർ.ടി.സി. ബസിന്റെ മുൻഗ്ലാസിലേക്ക് ഇതേഭാഗത്തുവെച്ച് മുട്ടയേറുണ്ടായ പശ്ചാത്തലത്തിൽ വിശദ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്തുനൽകി. ഫൊറൻസിക് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.

കെ.എസ്.ആർ.ടി.സി.യും അന്വേഷണം ആവശ്യപ്പെട്ട് കർണാടക പോലീസിന് പരാതിനൽകി. നിയന്ത്രണംവിട്ട ബസ് ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് ഡ്രൈവറും കണ്ടക്ടറും മരിച്ചത്. 20 പേർക്ക് സാരമായി പരിക്കേറ്റു. ഈ മേഖലയിൽ മുട്ടയെറിഞ്ഞ് വാഹനത്തെ അപകടത്തിൽപെടുത്തിയശേഷം കൊള്ളയടിക്കുന്ന പ്രവണതയുള്ളതായി സൂചനയുണ്ട്.

ഓഗസ്റ്റ് എട്ടിന് ഈ അപകടമുണ്ടായ ആവരഗെരെ റെയിൽവേ മേൽപ്പാലത്തിനു സമീപംവെച്ചാണ് ബുധനാഴ്ച രാത്രി 9.10-ന് കാസർകോട്ടേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർ ഡീലക്‌സ് ബസിനുനേരേ മുട്ടയേറുണ്ടായത്. ഡ്രൈവറുടെ കാഴ്ചമറച്ച് നിയന്ത്രണം നഷ്ടപ്പെടാനിടയാക്കുന്നതരത്തിലാണ് ചില്ലിലേക്ക് മുട്ടകളെറിഞ്ഞത്. റോഡിൽനിന്നു പൊങ്ങിനിൽക്കുന്ന സർവീസ് റോഡിൽനിന്ന് മൂന്നുപേർ എറിഞ്ഞ മുട്ട ചില്ലിൽ തട്ടിച്ചിതറുകയായിരുന്നെന്ന് ഡ്രൈവർ ‌ബി. സുരേഷ് പറഞ്ഞു.

അഞ്ചുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്നും വിജനമായ, ഇരുട്ടുനിറഞ്ഞ സ്ഥലത്തായിരുന്നു ആക്രമണമെന്നും ഡ്രൈവർ പറഞ്ഞു. അക്രമികൾക്ക് പിടികൊടുക്കാതെ ബസ് മുന്നോട്ടുകൊണ്ടുപോയി വെളിച്ചമുള്ള സ്ഥലത്തെത്തിച്ച് ചില്ലിലെ മുട്ടയുടെ അവശിഷ്ടം കഴുകിക്കളഞ്ഞ് യാത്ര തുടരുകയായിരുന്നു. ബിഡദി പോലീസിൽ പരാതിനൽകിയിട്ടുണ്ട്.

ബെംഗളൂരു-മൈസൂരു പാതയിലും മൈസൂരുവിൽനിന്നു മാനന്തവാടിക്കും സുൽത്താൻബത്തേരിക്കുമുള്ള പാതകളിലും യാത്രക്കാരെ കൊള്ളയടിക്കുന്ന സംഘങ്ങൾ സജീവമാണ്. മലയാളികളാണ് ഇരയാകുന്നവരിൽ അധികവും. അക്രമികൾ വാഹനവുമായിവന്ന് യാത്രക്കാരുടെ വാഹനങ്ങളിൽ ഉരസി അപകടമുണ്ടാക്കി അക്രമം നടത്തുകയും പണം തട്ടുകയുംചെയ്ത സംഭവങ്ങളും ഒട്ടേറെയാണ്. കാറിനുമുന്നിലേക്ക് മുട്ടയെറിഞ്ഞ് നിർത്തിച്ച് അക്രമം നടത്തിയ സംഭവവുമുണ്ട്.


Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only