ഇടുക്കി: സംസ്ഥാനത്ത് കനത്ത മഴയിലും ഉരുൾപൊട്ടലിലും മൂന്ന് മരണം. ഇടുക്കിയിൽ രണ്ടും കോട്ടയത്ത് ഒരു മരണവുമാണ് സ്ഥിരീകരിച്ചത്. തൊടുപുഴ കുടയത്തൂരിൽ സുമതി, വാഗമൺ വൈക്കം സ്വദേശി പ്രഭാകരൻ നായർ, പൂഞ്ഞാർ പയ്യാനിതോട്ടത്തിൽ ജോസഫിൻ മാണി എന്നിവരാണ് മരിച്ചത്. കോട്ടയം പൂഞ്ഞാറിൽ രണ്ടുപേരെ കാണാതായിട്ടുണ്ട്.
ഇടുക്കി കുടയത്തൂർ അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ മഷിക്കല്ലേൽ സുമതിയുടെ മൃതദേഹം കണ്ടെത്തി. പുലർച്ചെ രണ്ട് മണിയോടെയുണ്ടായ അതിശക്തമായ ഉരുൾപൊട്ടലിൽ വീട് പൂർണമായും മണ്ണിനടിയിലാവുകയായിരുന്നു. അപകടസമയത്ത് വീട്ടിലുണ്ടായിരുന്ന ഭർത്താവ് രവിയും മകൻ രതീഷും അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സുമതി മണ്ണിനടിയിൽ കുടുങ്ങിപ്പോകുകയായിരുന്നു. ഫയർഫോഴ്സും പ്രാദേശികവാസികളും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്.
ഇടുക്കി വാഗമണ്ണിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരൻ നായരാണ് മരിച്ചത്. ഇയാളുടെ മൃതദേഹം പുറത്തെടുക്കാൻ ആയിട്ടില്ല.
കോട്ടയം ജില്ലയിലും വിവിധയിടങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോട്ടയം കൂട്ടിക്കൽ പഞ്ചായത്തിലെ കൊടുങ്ങ, കൊക്കയാർ പഞ്ചായത്ത്, മൂന്നിലവ് എന്നിവിടങ്ങളിലാണ് ഉരുൾപൊട്ടലുണ്ടായത്. പൂഞ്ഞാർ പയ്യാനിത്തോട്ടത്ത് മണപ്പാട്ട് ജോണിയുടെ വീടിന് മുകളിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. മൂന്നംഗ കുടുംബമാണ് വീട്ടിലുണ്ടായിരുന്നത്. ഇതിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. രണ്ടുപേർക്കായുള്ള തിരച്ചിൽ തുടരുന്നു.
ശക്തമായ മഴ കാരണമുണ്ടായ വെള്ളക്കെട്ടിൽ വിവിധയിടങ്ങളിൽ ഗതാഗതം തടസപ്പെട്ടു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ മലപ്പുറം മോങ്ങത്തും, കോഴിക്കോട്-കൊല്ലഗൽ ദേശീയപാത 766 ഈങ്ങാപ്പുഴയിലും റോഡിൽ വെള്ളം കയറി. മലപ്പുറം വടക്കേമണ്ണമയിലുണ്ടായ മണ്ണിടിച്ചിലിൽ മലപ്പുറം കോട്ടക്കൽ പാതയിൽ ഗതാഗതം തടസപ്പെട്ടു. പുലർച്ചെ റോഡിലേക്ക് മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നു. മണ്ണ് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്.
മലപ്പുറം ചേലേമ്പ്ര ചേലുപാടത്ത് വീടുകളിൽ വെള്ളം കയറി. ഇരുപതോളം വീടുകളിലാണ് വെള്ളം കയറിയത്. ചേലുപാടം ഇടിമുഴിക്കൽ റോഡ് വെള്ളത്തിലായി. ശക്തമായ മഴ തുടർന്നതോടെ ദേശീയപാതയിൽ നിന്ന് വെള്ളം കുത്തിയൊലിച്ച് വന്നതാണ് വെള്ളം കയറാൻ കാരണം. ഈറ്റുപേട്ട ടൗണും വീടുകളും കടകളും പാലങ്ങളുമടക്കം വെള്ളത്തിലാണ്.
കൊല്ലം നീണ്ടകരയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം രണ്ടായി. കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അപകടത്തിൽപ്പെട്ട രാധാകൃഷ്ണന്റെ മകൻ ഗൗതമിനെ കണ്ടെത്താനായിട്ടില്ല.
ഇന്നലെയാണ് നീണ്ടകര പുലിമുട്ടിന് സമീപം 14പേർ സഞ്ചരിച്ച വള്ളം മറിഞ്ഞത്. അപകടത്തിൽ ഒരാൾ ഇന്നലെ മരിച്ചിരുന്നു. രാധാകൃഷ്ണന്റെ ഭാര്യാപിതാവ് നീണ്ടകര പുത്തൻതുറ പൂമുഖത്ത് രാജീവനാണ് മരിച്ചത്
Post a Comment