Aug 24, 2026

അക്രമകാരികളായ തെരുവുനായ്ക്കൾക്ക് ദയാവധം; ഉത്തരവിറങ്ങി, നടപടികൾ ഇങ്ങനെ


തിരുവനന്തപുരം: സംസ്ഥാനത്തെ അക്രമകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് അനുമതി നൽകി സംസ്ഥാന സർക്കാർ. ഇതു സംബന്ധിച്ച മാനദണ്ഡങ്ങൾ തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കി. അക്രമകാരികളും മാരകരോഗം ബാധിച്ചതുമായ തെരുവ് നായ്ക്കളുടെ ദയാവധത്തിനാണ് കർശന വ്യവസ്ഥകളോടെ സർക്കാർ അനുമതി നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസാണ് ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയത്. തെരുവുനായ വിഷയത്തിൽ സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിലെ വിധിന്യായത്തിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടി.

ഉത്തരവനുസരിച്ച് ചികിത്സ നൽകിയിട്ടും ഭേദമാക്കാൻ സാധിക്കാത്തതും കടുത്ത വേദന അനുഭവിക്കുന്നതുമായ മാരക രോഗങ്ങളുള്ളവ, പേവിഷബാധ സ്ഥിരീകരിക്കുകയോ അല്ലെങ്കിൽ അതിന്റെ ലക്ഷണങ്ങൾ ശക്തമായി പ്രകടിപ്പിക്കുകയോ ചെയ്യുന്നവ, ജീവൻ നിലനിർത്താൻ സാധിക്കാത്തവിധം മാരകമായി പരിക്കേൽക്കുകയും രക്ഷപ്പെടാൻ വൈദ്യശാസ്ത്രപരമായി സാധ്യതയില്ലാത്തതുമായ നായ്ക്കൾ, യാതൊരു പ്രകോപനവുമില്ലാതെ മനുഷ്യരെയോ മറ്റ് മൃഗങ്ങളെയോ കടിച്ചുകീറുകയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയുയർത്തുകയും ചെയ്യുന്നവ എന്നിവയെ ആണ് ദയാവധത്തിനായി പരിഗണിക്കുക. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ നിബന്ധനകൾ കൃത്യമായി പാലിക്കുന്നുണ്ടെന്ന് പ്രിൻസിപ്പൽ ഡയറക്ടർ ഉറപ്പു വരുത്തേണ്ടതുണ്ടെന്നും ഉത്തരവിൽ പറയുന്നു.

തദ്ദേശ സ്വയംഭരണ തലത്തിൽ തെരുവുനായ നിയന്ത്രണം, മാനേജ്മെന്റ്, ദയാവധം നടപ്പാക്കൽ എന്നിവയുടെ പൂർണ്ണ ഉത്തരവാദിത്തത്തിനായി സ്ട്രേ ഡോഗ് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഏഴംഗ സമിതിയിലെ അഞ്ച് പേർ പങ്കെടുത്താൽ കോറം തികയുകയും ഭൂരിപക്ഷ തീരുമാനപ്രകാരം നടപടികളുമായി മുന്നോട്ട് പോകുകയും ചെയ്യാം. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അധ്യക്ഷനാകും ഈ സമിതിയുടെ തലവൻ. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ സെക്രട്ടറി കൺവീനറായിരിക്കും. ബന്ധപ്പെട്ട വാർഡ് കൗൺസിലർ, തദ്ദേശ പരിധിയിലെ വെറ്ററിനറി ഓഫീസർ, എബിസി (ABC) കേന്ദ്രത്തിലെ പ്രോജക്‌ട് ഇൻ-ചാർജ് ഓഫീസർ, തദ്ദേശ പരിധിയിലെ മെഡിക്കൽ ഓഫീസർ, സംസ്ഥാന അനിമൽ വെൽഫെയർ ബോർഡ് പ്രതിനിധി എന്നിവരാകും ഈ സമിതിയിലെ മറ്റ് അംഗങ്ങൾ.

സമിതിയുടെ രേഖാമൂലമുള്ള കൃത്യമായ ശുപാർശയുടെ അടിസ്ഥാനത്തിൽ അങ്ങേയറ്റം മാനുഷികമായ രീതിയിൽ മാത്രമേ ദയാവധം നടപ്പാക്കാൻ പാടുള്ളൂ. യോഗ്യതയുള്ള വെറ്ററിനറി സർജന് മാത്രമേ ഈ പ്രക്രിയ ചെയ്യാൻ അനുമതിയുള്ളൂ. ഇതിനായി സോഡിയം പെന്റോബാർബിറ്റൽ, തയോപെന്റാൽ സോഡിയം എന്നീ മരുന്നുകൾ മാത്രമേ ഞരമ്പ് വഴി കുത്തിവെക്കാൻ പാടുള്ളൂ. വേദനയുണ്ടാക്കുന്ന മറ്റ് കെമിക്കലുകളോ യാന്ത്രിക മാർഗ്ഗങ്ങളോ ഉപയോഗിക്കാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു. ഒരു കാരണവശാലും മറ്റ് നായ്ക്കളുടെ സാന്നിധ്യത്തിലോ കാഴ്‌ചയിലോ ദയാവധം നടത്താൻ പാടില്ലെന്നും നിഷ്കർഷിച്ചിട്ടുണ്ട്. വെറ്ററിനറി സർജൻ മരണം ക്ലിനിക്കലായി പരിശോധിച്ച് സ്ഥിരീകരിച്ച ശേഷമേ സംസ്കരിക്കാവൂ. സർജനും സമിതി അംഗങ്ങളും രജിസ്റ്ററിൽ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തുകയും ദയാവധത്തിനായി മാത്രം പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ഇതിൽ നായയെ പിടികൂടിയ സ്ഥലം, ഫോട്ടോ/ഐഡന്റിഫിക്കേഷൻ ടാഗ്, ദയാവധം ചെയ്യാനുണ്ടായ വ്യക്തമായ കാരണം എന്നിവ രേഖപ്പെടുത്തണം. ദയാവധത്തിനായി പിടികൂടുന്ന തെരുവുനായ്ക്കളെ ഉടൻതന്നെ കൊല്ലാൻ പാടില്ല. അവയെ 2 മുതൽ 3 ദിവസം വരെ ഐസൊലേഷൻ കെന്നലുകളിലോ എബിസി കേന്ദ്രങ്ങളിലോ നിരീക്ഷണത്തിനായി മാറ്റണം. ഈ സമയപരിധിക്കുള്ളിൽ അംഗീകൃത മൃഗസംഘടനകൾക്കോ മൃഗസ്നേഹികൾക്കോ ഇവയെ ദത്തെടുക്കാവുന്നതാണ്. ദത്തെടുത്ത ശേഷമുള്ള മുഴുവൻ പരിപാലന ചുമതലയും ഏറ്റെടുക്കുന്ന വ്യക്തിക്കോ സംഘടനയ്ക്കോ ആയിരിക്കും. ദയാവധവുമായി ബന്ധപ്പെട്ട ചെലവുകൾ തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.

കൂടാതെ, എല്ലാ തദ്ദേശ സ്ഥാപനങ്ങളിലെയും ദയാവധം സംബന്ധിച്ച കണക്കുകൾ സംസ്ഥാന എബിസി ഇംപ്ലിമെൻ്റേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി പ്രതിമാസം നിർബന്ധിത ഓഡിറ്റിംഗിന് വിധേയമാക്കും.


ഇത്തരത്തിൽ ദയാവധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് സുപ്രീം കോടതിയുടെ സംരക്ഷണമുണ്ടായിരിക്കും. കോടതി ഉത്തരവുകൾ സത്യസന്ധമായും ഔദ്യോഗിക ചുമതലയുടെ ഭാഗമായും നടപ്പിലാക്കുന്ന ഉദ്യോഗസ്ഥർക്ക് പൂർണ്ണ സംരക്ഷണം ഉണ്ടായിരിക്കുമെന്ന് സുപ്രീം കോടതി തെരുവുനായ വിഷയത്തിലെടുത്ത കേസിലെ വിധിന്യായത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇവർക്കെതിരെ സാധാരണ രീതിയിൽ എഫ്.ഐ.ആറോ ക്രിമിനൽ കേസോ ബലപ്രയോഗ നടപടികളോ ഉണ്ടാകില്ല. എന്നാൽ ദുരുദ്ദേശം, ഗുരുതരമായ അധികാര ദുരുപയോഗം അല്ലെങ്കിൽ കോടതി ഉത്തരവിന് വിരുദ്ധമായ നടപടികൾ എന്നിവ തെളിഞ്ഞാൽ ഈ സംരക്ഷണം ലഭിക്കില്ല.



Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only