Sep 29, 2026

വിളനാശ നഷ്ടപരിഹാരത്തിന് 119 കോടിയും വിളനാശ ഇൻഷുറൻസിന് ആറു കോടിയും നൽകും : കൃഷിമന്ത്രി പ്രഖ്യാപനം 'കർഷക സുരക്ഷ - വന്യജീവി സംഘർഷ ലഘൂകരണം' സംസ്ഥാനതല കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ


തിരുവമ്പാടി:

വന്യജീവി ആക്രമണം ഉൾപ്പെടെയുള്ള കാരണങ്ങളാൽ കൃഷിനാശം സംഭവിച്ച കർഷകർക്ക്  കുടിശ്ശിക കൂടാതെ നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിന് കാർഷികാഭിവൃദ്ധി ഫണ്ടിൽനിന്ന് 119 കോടി  രൂപ അനുവദിച്ചതായി കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വിളനാശ ഇൻഷുറൻസിനായി ആറ് കോടി  രൂപ അനുവദിക്കുന്നതിനുള്ള ഭരണാനുമതി നൽകിയതായും മന്ത്രി അറിയിച്ചു. തിരുവമ്പാടിയിൽ നടന്ന 'കർഷക -സുരക്ഷ വന്യജീവി സംഘർഷ ലഘൂകരണം'സംസ്ഥാന തല  കോൺക്ലേവിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  വന്യജീവി ആക്രമണം മൂലമുള്ള ജീവഹാനിക്കും കൃഷിനാശത്തിനും നഷ്ടപരിഹാര തുകയിൽ 100% വർദ്ധനവ് ഉണ്ടാകും.

നഷ്ടപരിഹാരവും ഇൻഷുറൻസ് തുകയും കുടിശ്ശികയില്ലാതെ വേഗത്തിൽ കർഷകരിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസം ഒഴിവാക്കുന്നതിനായി നടപടിക്രമങ്ങൾ ലളിതവും വേഗത്തിലുമാക്കും. 

സാങ്കേതികവിദ്യയിലൂടെ വന്യജീവി സംഘർഷത്തിന് പരിഹാരം കാണും.
ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയ വന്യജീവികൾ മൂലം രൂക്ഷമായ കൃഷിനാശം നേരിടുന്ന പ്രദേശങ്ങളിൽ പ്രദേശത്തിന്റെ പ്രത്യേകതയ്ക്കനുസരിച്ച് ശാസ്ത്രീയവും സാങ്കേതികവുമായ പ്രതിരോധ സംവിധാനങ്ങൾ വികസിപ്പിക്കും. കാർഷിക മേഖലയുടെ വികസനത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ബ്ലോക്ക്ചെയിൻ, ഡ്രോൺ ടെക്നോളജി, ഹൈടെക് ഫാമിങ്, പ്രിസിഷൻ ഫാമിങ് തുടങ്ങിയ ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനൊപ്പം കർഷകന്റെ വരുമാനവും സുരക്ഷയും വർധിപ്പിക്കുന്നതിനാണ് സാങ്കേതികവിദ്യ ഉപയോഗിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.
ഡ്രോൺ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനായി  സർക്കാരിന്റെ 100 ദിന കർമ്മ  പരിപാടികളുടെ ഭാഗമായി പദ്ധതികൾ ആരംഭിച്ചിട്ടുണ്ട്. 

പുതിയ സാങ്കേതിക പരിഹാരങ്ങളും പ്രായോഗിക സംവിധാനങ്ങളും വികസിപ്പിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സാമ്പത്തിക സഹായം നൽകും. കേരള അഗ്രികൾച്ചറൽ റെസിലിയൻസ് ആൻഡ് അഡാപ്റ്റേഷൻ (KERA) പദ്ധതിയുടെ കീഴിൽ വന്യജീവി പ്രതിരോധ മാർഗങ്ങൾ പൈലറ്റ് അടിസ്ഥാനത്തിൽ നടപ്പാക്കുന്നതിനുള്ള ഫണ്ട് അനുവദിക്കും. വിജയകരമെന്ന് കണ്ടെത്തുന്ന സാങ്കേതികവിദ്യകൾ വ്യാപിപ്പിക്കുന്നതിനുള്ള സംവിധാനവും ഒരുക്കും.

മനുഷ്യ- വന്യജീവി സംഘർഷ പരിഹാരത്തിനായി വിവിധ വകുപ്പുകളുടെ  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വന്യജീവി സംഘർഷം കൃഷിവകുപ്പിന് മാത്രം പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വനംവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുമായി ചേർന്ന് കൃഷിവകുപ്പ് ഇതിന് നേതൃത്വം നൽകും.

വന്യജീവി ആക്രമണം മൂലം വിളനാശം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകുന്നതിൽ മാത്രം സർക്കാർ ഇടപെടൽ അവസാനിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കർഷകന് വീണ്ടും കൃഷിയിലേക്ക് മടങ്ങിവരാനുള്ള സാഹചര്യം ഒരുക്കും.
വിളനാശം സംഭവിച്ച പ്രദേശങ്ങളിൽ പുനർകൃഷിക്കായി പ്രത്യേക പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. ഇതിനായി പുതിയ നയം രൂപീകരിക്കും. വിത്ത്, നടീൽ വസ്തുക്കൾ, വളം തുടങ്ങിയവ ഉൾപ്പെടെയുള്ള സഹായങ്ങൾ പദ്ധതിയിലൂടെ ലഭ്യമാക്കും. വിള നഷ്ടപ്പെട്ട കർഷകനെ നഷ്ടപരിഹാരം നൽകി മാറ്റിനിർത്തുകയല്ല, വീണ്ടും കൃഷിയിലേക്ക് ഉയർത്തിക്കൊണ്ടുവരികയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

പ്രതിരോധ സംവിധാനങ്ങളുടെ പരിപാലനം ഉറപ്പാക്കും
വന്യജീവി പ്രതിരോധത്തിനായി സ്ഥാപിക്കുന്ന സംവിധാനങ്ങൾ പിന്നീട് പ്രവർത്തനരഹിതമാകുന്ന സാഹചര്യം ഒഴിവാക്കും. ഇത്തരം സംവിധാനങ്ങളുടെ പരിപാലനത്തിന് നിലവിൽ ലഭിക്കുന്ന തുക അപര്യാപ്തമാണെന്നും പരിപാലനച്ചെലവിന്റെ 100 ശതമാനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
വന്യജീവി പ്രതിരോധ സംവിധാനങ്ങളുടെ തുടർച്ചയായ പ്രവർത്തനവും പരിപാലനവും ഉറപ്പാക്കുന്നതിനായി കൃഷിവകുപ്പ്, വനംവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവയുടെ സംയുക്ത ടാസ്‌ക് ഫോഴ്സ് രൂപീകരിക്കും.

കാർബൺ ക്രെഡിറ്റിലൂടെ കർഷകർക്ക് അധിക വരുമാനം ലഭ്യമാക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. കയറ്റുമതിയിൽ 
കർഷകന് കൂടുതൽ വില ലഭിക്കുന്ന തരത്തിൽ കാർഷിക ഉൽപ്പന്നങ്ങളുടെ മൂല്യവർധന ശക്തിപ്പെടുത്തും. പോസ്റ്റ്-ഹാർവെസ്റ്റ് മാനേജ്മെന്റ്, കോൾഡ് ചെയിൻ, വെയർഹൗസ്, പാക്ക് ഹൗസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

കേരളത്തിലെ കാർഷിക ഉൽപ്പന്നങ്ങൾക്ക് ദേശീയ-അന്തർദേശീയ വിപണികൾ കണ്ടെത്തുന്നതിനും കയറ്റുമതി വർധിപ്പിക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കും. കേരളത്തിലെ തുറമുഖങ്ങളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി കാർഷിക ഉൽപ്പന്നങ്ങൾ വിപണിയിലെത്തിക്കും.

കർഷകന്റെ കൃഷിയിടത്തിൽ സുരക്ഷ ഉറപ്പാക്കുക, നഷ്ടം സംഭവിച്ചാൽ വേഗത്തിൽ സഹായം എത്തിക്കുക, നഷ്ടപ്പെട്ട കൃഷി പുനഃസ്ഥാപിക്കുക, വന്യജീവി സംഘർഷങ്ങൾ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

 കോൺക്ലേവിന് തുടർച്ചയുണ്ടാകും
കോൺക്ലേവ് ഒറ്റപ്പെട്ട പരിപാടിയായി അവസാനിക്കില്ല. ഇവിടെ അവതരിപ്പിച്ച വിവിധ പരിഹാര നിർദേശങ്ങൾ പരിശോധിച്ച് പ്രായോഗികമായി നടപ്പാക്കാവുന്നവ കണ്ടെത്തുകയും അവ നടപ്പാക്കുന്നതിനുള്ള പ്രത്യേക പദ്ധതികൾ രൂപപ്പെടുത്തുകയും ചെയ്യും.
വകുപ്പുകൾ, ഗവേഷണ സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ, സാങ്കേതിക സ്ഥാപനങ്ങൾ, തദ്ദേശസ്ഥാപനങ്ങൾ, കർഷക സംഘടനകൾ എന്നിവയുടെ പങ്കാളിത്തത്തോടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകും. കോൺക്ലേവിന്റെ സമാപനം പുതിയ പ്രവർത്തനങ്ങളുടെ തുടക്കമാണെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only