കോഴിക്കോട് : വേഗക്കുതിപ്പിനും കരുത്തിന്റെ ബലപരീക്ഷകൾക്കും ഇന്ന് മുതൽ ഏഴ് നാൾ കോഴിക്കോടൻ മണ്ണ് സാക്ഷിയാകും. ആവേശം വാനോളമുയർത്തി 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തിരിതെളിയുമ്പോൾ കോഴിക്കോട് കാത്തിരിക്കുന്നത് കായികകേരളത്തിന്റെ പോരാട്ടച്ചൂടിനാണ്. അത്‌ലറ്റിക്സിനൊപ്പം ക്രിക്കറ്റ്, ഫുട്ബോൾ, ബാസ്കറ്റ്ബോൾ, കരാട്ടെ, വടംവലി, വുഷു തുടങ്ങി ഒട്ടേറെ ഇനങ്ങൾ അരങ്ങേറുന്ന ഒളിമ്പിക്സ് മാതൃകയിലുള്ള മേളയിൽ 14 ജില്ലകളിൽ നിന്നായി 10,000ത്തോളം താരങ്ങൾ മാറ്റുരയ്ക്കും.
ഏഴു ദിവസം നീളുന്ന മേളയിൽ വിവിധ കായിക ഇനങ്ങൾക്കായി ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് വേദികൾ ഒരുക്കിയിരിക്കുന്നത്. അത്‌ലറ്റിക്സ് മത്സരങ്ങൾ 27 മുതൽ 31 വരെ കോഴിക്കോട് എൻ.ഐ.ടി ക്യാമ്പസിൽ നടക്കും. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 2,800 താരങ്ങൾ ട്രാക്കിലും ഫീൽഡിലുമായി മാറ്റുരയ്ക്കും.30ന് ക്രോസ് കൺട്രി മത്സരങ്ങളും നടക്കും.
ജില്ലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ മഴയെ നേരിടാനുള്ള മുൻകരുതലുകളും സംഘാടകർ സ്വീകരിച്ചിട്ടുണ്ട്. മഴ ശക്തമായാൽ മത്സരസമയങ്ങളിൽ മാറ്റംവരുത്തി ലഭ്യമായ ഇടവേളകളിലേക്ക് മത്സരങ്ങൾ ക്രമീകരിക്കും. കാലാവസ്ഥാ സാഹചര്യം വിലയിരുത്തി ആവശ്യമായ മാറ്റങ്ങൾ വരുത്താനാണ് തീരുമാനം.
താരങ്ങളുടെയും ഒഫീഷ്യൽസിന്റെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾ രാത്രി വൈകിയും നീളാൻ സാദ്ധ്യതയുള്ളതിനാൽ പ്രധാന വേദികളിൽ ഫ്ലഡ് ലൈറ്റ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വെളിച്ചക്കുറവ് മത്സരങ്ങളെ ബാധിക്കാതിരിക്കാനും സമയക്രമം അനുസരിച്ച് മത്സരങ്ങൾ പൂർത്തിയാക്കാനും ഇതിലൂടെ സാധിക്കും.
മേളയ്ക്കെത്തുന്ന താരങ്ങൾക്കും പരിശീലകർക്കും ഒഫീഷ്യൽസിനുമായി 50ലധികം സ്കൂളുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതിനായി 750ഓളം ക്ലാസ് മുറികൾ സജ്ജമാക്കി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും എത്തുന്ന കായികതാരങ്ങളെ താമസസ്ഥലങ്ങളിലേക്കും മത്സരവേദികളിലേക്കും എത്തിക്കാൻ ‘ഒളിമ്പിക്സ് എക്സ്പ്രസ്’ എന്ന പേരിൽ പ്രത്യേക ഗതാഗത സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.
സ്വർണക്കപ്പും ദീപശിഖയും ഇന്ന് കോഴിക്കോട്ടെത്തും. വിവിധ കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി നഗരത്തിലൂടെ പ്രയാണം നടത്തുന്ന സ്വർണക്കപ്പും ദീപശിഖയും വൈകിട്ട് മൂന്നിന് എൻ.ഐ.ടി ഗ്രൗണ്ടിലെ ഉദ്ഘാടന വേദിയിലെത്തും.
രാവിലെ എട്ടിന് ഐക്കരപ്പടിയിൽനിന്ന് സ്വർണക്കപ്പ് ഏറ്റുവാങ്ങിയാണ് ഘോഷയാത്രയ്ക്ക് തുടക്കമാകുക. രാമനാട്ടുകര, ഫറോക്ക്, ചുങ്കം, മീഞ്ചന്ത, ഫ്രാൻസിസ് റോഡ് വഴി രാവിലെ ഒൻപതോടെ കോഴിക്കോട് ബീച്ചിലെത്തും. ഇവിടെ സ്വർണക്കപ്പിനും ദീപശിഖാ പ്രയാണത്തിനും സ്വീകരണം നൽകും. തുടർന്ന് ഓവർബ്രിഡ്ജ് വഴി മാനാഞ്ചിറയിലെ ഗവൺമെന്റ് ടി.ടി.ഐ. (എം) കേന്ദ്രത്തിലെത്തും.
രാവിലെ 11നാണ് ഇവിടെ സ്വീകരണം. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്വീകരണകേന്ദ്രത്തിലെത്തുന്ന ഘോഷയാത്രയ്ക്ക് ഉച്ചയ്ക്ക് 12ന് സ്വീകരണം നൽകും. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻഡറി സ്കൂളിലെ സ്വീകരണത്തിനും ഉച്ചഭക്ഷണത്തിനും ശേഷം ഉച്ചയ്ക്ക് രണ്ടിന് കുന്നമംഗലം ഹയർ സെക്കൻഡറി സ്കൂളിലെത്തും.
അവിടത്തെ സ്വീകരണത്തിനുശേഷം ചെത്തുകടവ് വഴി എൻ.ഐ.ടി ഗ്രൗണ്ടിലേക്ക് നീങ്ങും. വൈകിട്ട് മൂന്നിന് കായികമേളയുടെ ഉദ്ഘാടന വേദിയിലെത്തുന്നതോടെ സ്വർണക്കപ്പ് ഘോഷയാത്രയ്ക്കും ദീപശിഖാ പ്രയാണത്തിനും സമാപനമാകും.
സ്കൂൾ കായിക മേളയുടെ മീഡിയ റൂം ഉദ്ഘാടനം പൊതുവിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മീഡിയ പാസിന്റെയും കിറ്റിന്റെയും വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു. മന്ത്രിയിൽ നിന്ന് മാദ്ധ്യമപ്രവർത്തകരായ ബഷീർ പുതുക്കുടി, കെ.എസ് രേഷ്മ എന്നിവർ ആദ്യ മീഡിയ പാസും കിറ്റും ഏറ്റുവാങ്ങി. സ്വീകരണ കമ്മിറ്റി ചെയർപേഴ്സൺ കൂടിയായ പാറക്കൽ അബ്ദുള്ള എം.എൽ.എ അദ്ധ്യക്ഷനായി.
കളത്തിൽ കരുത്തുകാട്ടാൻ കായികതാരങ്ങൾക്ക് പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണമെനു. പാലും മുട്ടയും പഴവും ഉൾപ്പെടുന്ന പോഷകസമൃദ്ധമായ ഭക്ഷണക്രമവുമായാണ് സംസ്ഥാന സ്കൂൾ കായികമേളയിലെ ഭക്ഷണശാല ഒരുങ്ങിയത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ തയ്യാറാക്കുന്ന ഭക്ഷണം പ്രധാന വേദിയായ എൻ.ഐ.ടി ക്യാമ്പസിലെയും കൊടിയത്തൂർ സ്കൂളിലെയും ഭക്ഷണശാലകളിലൂടെ കുട്ടികളിലെത്തും. പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ഊട്ടുപുരയിൽ പാൽ കാച്ചൽ നടത്തി ഉദ്ഘാടനം ചെയ്തു.
പ്രഭാതത്തിൽ പുട്ട്, കടല, പാൽ, മുട്ട എന്നിവയാണുള്ളത്. പുട്ട്, ഇഡ്ഡലി, ദോശ എന്നിവയ്ക്കൊപ്പം കടലക്കറിയും സാമ്പാറുമുണ്ടാവും. പുറമേ പാൽ, മുട്ട, പഴം എന്നിവയും കുട്ടികൾക്ക് നൽകും. ഉച്ചഭക്ഷണത്തിന് ചോറിനൊപ്പം ബീഫ് അല്ലെങ്കിൽ ചിക്കൻ വിളമ്പും. ഉപ്പേരി, അച്ചാർ, പച്ചടി തുടങ്ങിയ വിഭവങ്ങളും ഇതോടൊപ്പമുണ്ടാകും. വൈകിട്ടത്തെ ഭക്ഷണത്തിൽ ചപ്പാത്തിക്കൊപ്പം മുട്ടക്കറിയോ ചിക്കൻ കറിയോ നൽകും. ഇതിനു പുറമേ മുറിച്ച പഴങ്ങളുമുണ്ടാവും. ഉദ്ഘാടന ദിനമായ ഇന്ന് പാലട പായസമാണ് പ്രത്യേക വിഭവം. !ഒപ്പം വെജിറ്റേറിയൻ സദ്യയുമുണ്ട്.
പ്രധാന വേദിയായ എൻ.ഐ.ടി ക്യാമ്പസിലും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂളിലുമായാണ് ഭക്ഷണശാലകൾ ഒരുക്കിയിരിക്കുന്നത്. എൻ.ഐ.ടി ക്യാമ്പസിലെ പ്രധാന പാചകശാലയിൽ തയ്യാറാക്കുന്ന ഭക്ഷണം മറ്റുള്ള ഏഴ് വേദികളിലേക്കും എത്തിക്കും. വിവിധ വേദികളിൽ മത്സരിക്കുന്ന കുട്ടികൾക്ക് ഭക്ഷണം കൃത്യസമയത്ത് ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Post a Comment