തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027-ലെ കലണ്ടറിന് റെക്കോർഡ് വിൽപ്പന. വിപണിയിലിറങ്ങി രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ട് ലക്ഷത്തിനടുത്ത് കലണ്ടറുകളാണ് വിറ്റഴിഞ്ഞത്. 'മിഷൻ സമുദ്ര' പദ്ധതി പ്രമേയമാക്കിയാണ് സംസ്ഥാന സർക്കാർ പുതിയ കലണ്ടർ വിപണിയിൽ ഇറക്കിയത്.
ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12 വരെ ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലേതിനെക്കാൾ ഡിമാൻഡ് ഇത്തവണത്തെ കലണ്ടറിനുണ്ട്. കഴിഞ്ഞ വർഷം നവംബർ മുതൽ ഫെബ്രുവരി വരെയുള്ള നാല് മാസക്കാലയളവിൽ ആകെ വിറ്റഴിഞ്ഞത് 1.80 ലക്ഷം കലണ്ടറുകൾ മാത്രമായിരുന്നു.
അരുൺ ഗോകുലാണ് കലണ്ടർ കവർ ഡിസൈൻ ചെയ്‌തിരിക്കുന്നത്. 'സദ്ഭരണവും സഹാനുഭൂതിയും' (Good Governance with Empathy) സർക്കാരിന്റെ മുദ്രാവാക്യവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. പുതിയ കലണ്ടറിന്റെ പ്രകാശനവേദിയിൽ മുഖ്യമന്ത്രിയും അതേ നിറമുള്ള വേഷത്തിലെത്തിയതും ശ്രദ്ധേയമായിരുന്നു. ഈ വർഷം 10 ലക്ഷം കലണ്ടറുകളുടെ വിൽപന നടത്തുകയാണ് ലക്ഷ്യമെന്ന് അച്ചടി വകുപ്പ് പറയുന്നു. ഒരു കലണ്ടറിന് 40 രൂപയാണ് വില.
കലണ്ടറിന്റെ റെക്കോഡ് വിൽപ്പനയ്ക്ക് പിന്നാലെ സർക്കാർ ഡയറിയിലും അച്ചടി വകുപ്പ് പ്രതീക്ഷ വെക്കുന്നുണ്ട്. ഇത്തവണ സർക്കാർ ഡയറി നേരത്തെ വിപണിയിലെത്തിക്കാനാണ് നീക്കം. ഡിസംബർ തുടക്കത്തിൽ ഡയറി വിപണിയിൽ എത്തിക്കാനാണ് അച്ചടി വകുപ്പ് തയാറെടുക്കുന്നത്.
Post a Comment