കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ ആനയാംകുന്ന് മുരിങ്ങംപുറായിയിൽ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ച് അധിക്ഷേപിക്കുകയും വീടും കാറും അടിച്ചുതകർക്കുകയും ചെയ്ത കേസിൽ സഹോദരന്മാരായ രണ്ട് പേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു.കാസർകോട് ചിറ്റാരിക്കൽ പാലവയൽ സ്വദേശികളായ മുണ്ടക്കൽ വീട് ജിബിൻ ബാബു (31),എബിൻ ബാബു (25) എന്നീ സഹോദരങ്ങളെയാണ് മുക്കം പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാത്രി പട്ടർച്ചോല പള്ളിക്കുന്നുമ്മലിലാണ് സംഭവം നടന്നത്. നേരത്തേ ഈ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന പ്രതികളുടെ മദ്യപാനശല്യത്തെത്തുടർന്ന് പ്രദേശവാസികൾ പരാതി നൽകുകയും തുടർന്ന് ഇവരെ വാടകവീട്ടിൽ നിന്നും ഒഴിപ്പിക്കുകയും ചെയ്തിരുന്നു.ഇതിലുള്ള വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
രാത്രിയോടെ വീട്ടിലെത്തിയ പ്രതികൾ വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിക്കുകയും അസഭ്യവർഷം നടത്തുകയും ചെയ്തു.തുടർന്ന് വീടിന്റെ മുൻവശത്ത് നിർത്തിയിട്ടിരുന്ന കാറും വീടിന്റെ ജനലുകളും അടിച്ചുതകർത്ത് നാശനഷ്ടങ്ങൾ വരുത്തുകയായിരുന്നു.വീട്ടുടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ സബ് ഇൻസ്പെക്ടർ ഷക്കീബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. നിലവിൽ ഇവർ താമസിക്കുന്ന കാഞ്ഞിരമുഴിയിലെ വാടകവീട്ടിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.2024-ലും സമാനമായ കേസിൽ ഇവർക്കെതിരെ തിരുവമ്പാടി പോലീസ് സ്റ്റേഷനിൽ കേസ് നിലവിലുണ്ട്.ഞായറാഴ്ച ഉച്ചയോടെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. തുടർന്ന് താമരശ്ശേരി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post a Comment