കൽപ്പറ്റ: കൽപ്പറ്റ ബൈപാസ് റോഡിലെ റെസ്റ്റോറന്റിൽ നടന്ന മോഷണക്കേസിൽ നിരവധി കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. പുൽപ്പള്ളി പാടിച്ചിറ കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (29) ആണ് അറസ്റ്റിലായത്. മാഹിയിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ ജില്ലാ പോലീസ് മേധാവിയുടെ സ്പെഷ്യൽ സ്ക്വാഡ് (SAGOC) ആണ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ നവംബർ 16-ന് പുലർച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം. റെസ്റ്റോറന്റിനുള്ളിൽ അതിക്രമിച്ചു കയറിയ പ്രതി മേശവലിപ്പിന്റെ പൂട്ട് തകർത്ത് 15,000 രൂപ വിലമതിക്കുന്ന ആൻഡ്രോയിഡ് മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. തുടർന്ന് റെസ്റ്റോറന്റിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ഒളിവിൽ പോയ പ്രതിയെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ ബിജു വർഗീസ്, ഷാലു ഫ്രാൻസിസ് എന്നിവർ ചേർന്ന് ഇന്ന് (നവംബർ 20) പുലർച്ചെ മൂന്ന് മണിയോടെ മാഹിയിൽ നിന്നാണ് പിടികൂടിയത്. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ ബാഗിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. തുടർന്ന് പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പും നടത്തി.
വയനാട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിലായി പതിനഞ്ചോളം മോഷണക്കേസുകളിൽ പ്രതിയാണ് റോമിയോ ബേബി. പുൽപ്പള്ളി, കൽപ്പറ്റ, കേണിച്ചിറ, മാനന്തവാടി, തിരുനെല്ലി, ഇരിട്ടി, വളയാർ, നൂൽപ്പുഴ എന്നീ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കാട്ടിക്കുളം കരുണ ഭവൻ വൃദ്ധസദനത്തിൽ നിന്നും 22,000 രൂപയുടെ കാപ്പിക്കുരു മോഷ്ടിച്ച കേസ്, പാടിച്ചിറ ക്ഷേത്രത്തിലെ ഭണ്ഡാരവും മേശവലിപ്പും കുത്തിത്തുറന്ന് 4,000 രൂപയോളം കവർന്ന സംഭവം, കാട്ടിക്കുളം സെന്റ് പീറ്റേഴ്സ് മലങ്കര പള്ളിയിൽ നിന്നും സി.സി.ടി.വി ഡി.വി.ആർ മോഷ്ടിച്ച കേസ്, ഇരിട്ടി നിത്യസഹായ മാതാ പള്ളിയിലെ ഭണ്ഡാരം പൊളിച്ച് 55,000 രൂപയോളം കവർന്ന കേസ് എന്നിവ ഇതിൽ പ്രധാനപ്പെട്ടവയാണ്.
അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി സ്ത്രീവേഷം കെട്ടി മോഷണം നടത്തുന്നതാണ് ഇയാളുടെ പതിവ് രീതി. തുടർച്ചയായ കുറ്റകൃത്യങ്ങളെത്തുടർന്ന് ഇയാൾക്കെതിരെ മുൻപ് കാപ്പ (KAAPA) നിയമപ്രകാരമുള്ള നടപടികളും പോലീസ് സ്വീകരിച്ചിരുന്നു.
കൽപ്പറ്റ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ എ.യു. ജയപ്രകാശിന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ വി.എം. രമേശ്, സീനിയർ സി.പി.ഒ ബിഗേഷ്, സി.പി.ഒ റിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തിയത്.
Post a Comment