മരഞ്ചാട്ടി: അന്തരിച്ച കൂടരഞ്ഞി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ പ്രസിഡന്റും മരഞ്ചാട്ടി മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്റുമായിരുന്ന ആലി മുതുകോടന്റെ നിര്യാണത്തിൽ മരഞ്ചാട്ടി പൗരാവലിയുടെ ആഭിമുഖ്യത്തിൽ സർവ്വകക്ഷി അനുശോചന യോഗം ചേർന്നു. മരഞ്ചാട്ടി അങ്ങാടിയിൽ നടന്ന യോഗത്തിൽ അസ്സൈൻ എടത്തടത്തിൽ അധ്യക്ഷത വഹിച്ചു. സലാം ഫൈസി മുക്കം യോഗം ഉദ്ഘാടനം ചെയ്തു.
ഒരു സാധാരണ ഓട്ടോ തൊഴിലാളിയായി ജീവിതം നയിക്കുമ്പോഴും നാടിന്റെ രാഷ്ട്രീയ, സാമൂഹിക, മത, സാംസ്കാരിക രംഗങ്ങളിൽ പതിറ്റാണ്ടുകളോളം നിറഞ്ഞുനിന്ന വ്യക്തിത്വമായിരുന്നു ആലി മുതുകോടനെന്ന് യോഗം അനുസ്മരിച്ചു. കൂടരഞ്ഞി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, മരഞ്ചാട്ടി മഹല്ല് കമ്മിറ്റി പ്രസിഡന്റ്, പ്രഭാത് ലൈബ്രറി സെക്രട്ടറി എന്നീ നിലകളിലും സമസ്തയുടെ സജീവ പ്രവർത്തകനായും മരഞ്ചാട്ടി സുന്നി മഹല്ല് ഫെഡറേഷൻ (SMF) നേതാവായും അദ്ദേഹം നൽകിയ സംഭാവനകൾ നാടിന് എന്നും മുതൽക്കൂട്ടാണെന്നും അദ്ദേഹത്തിന്റെ വിയോഗം പൊതുസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും യോഗം വിലയിരുത്തി.
മുജീബ് റഹ്മാൻ കണ്ണാടൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, മത രംഗങ്ങളിലെ പ്രമുഖരായ യൂനുസ് പുത്തലത്ത്, വി.എ. നസീർ, ജയിംസ് വെളാശ്ശേരി, ഹെലൻ ടീച്ചർ, സോളി ജോസഫ്, ഹനീഫ നരിക്കുന്നൻ, സലാം തേക്കുംകുറ്റി, ജോസ് കുഴിമ്മ്യലിൽ , ബേബി കട്ടിക്കാനം, മുസ്തഫ സഖാഫി, ചന്ദ്രേട്ടൻ, മുഹമ്മദ് കുഞ്ഞി, എ.ടി. സുകുമാരൻ എന്നിവർ അനുശോചന പ്രസംഗം നടത്തി.
റഫീഖ് മരഞ്ചാട്ടി സ്വാഗതവും സുബൈർ മുസ്‌ലിയാർ നന്ദിയും പറഞ്ഞു.
Post a Comment