മുക്കത്ത് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യാൻ ഭിന്നശേഷി വിദ്യാർത്ഥികൾക്കായി പ്രത്യേകം സംഘടിപ്പിച്ച മത്സരത്തിൽ കാരന്തൂർ മർകസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റജാ നൗറിൻ ഇടതുകൈകൊണ്ട് വരച്ച ലോഗോയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വിദ്യാഭ്യാസ ഉപഡയറക്ടർ ഔദ്യോഗികമായി പ്രകാശനം ചെയ്ത ഈ ലോഗോ ഒഴിവാക്കി സി.കെ.കാസിം എം എൽ എ മറ്റൊരു ലോഗോ പ്രകാശനം ചെയ്ത നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
ഭിന്നശേഷിക്കാരായ കുട്ടികളുടെ കഴിവുകളെയും സർഗാത്മകതയെയും പ്രോത്സാഹിപ്പിക്കേണ്ടതും അവർക്ക് തുല്യമായ പരിഗണനയും അംഗീകാരവും ഉറപ്പാക്കേണ്ടതും പൊതുസമൂഹത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവാദിത്വമാണ്. പ്രത്യേകമായി സംഘടിപ്പിച്ച മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഒരു വിദ്യാർത്ഥിനിയുടെ സൃഷ്ടി ഔദ്യോഗികമായി പ്രകാശനം ചെയ്തതിനുശേഷം ഒഴിവാക്കുന്നത് അംഗീകരിക്കാനാവില്ല.
ഇത് കേവലം ഒരു ലോഗോ മാറ്റിവെച്ച വിഷയമല്ല, മറിച്ച്, ഒരു കുട്ടിയുടെ കഴിവിനും കഠിനാധ്വാനത്തിനും നൽകിയ അംഗീകാരത്തെ അപമാനിക്കുന്ന സമീപനമാണ്. കുട്ടികളിൽ ആത്മവിശ്വാസവും സർഗാത്മകതയും വളർത്തേണ്ട കലോത്സവ വേദികൾ അവരുടെ സ്വപ്നങ്ങളെയും പ്രതീക്ഷകളെയും മുറിവേൽപ്പിക്കുന്ന ഇടങ്ങളായി മാറരുത്.
വിദ്യാഭ്യാസ ഉപഡയറക്ടറും ജനപ്രതിനിധിയും രണ്ട് വ്യത്യസ്ത ലോഗോകൾ പ്രകാശനം ചെയ്യേണ്ട സാഹചര്യം ഉണ്ടായത് എന്തുകൊണ്ടാണെന്ന് ബന്ധപ്പെട്ട അധികാരികൾ വ്യക്തമാക്കണം. വിദ്യാർത്ഥിനിയുടെ കലാസൃഷ്ടി ഒഴിവാക്കിയതിന്റെ കാരണം വിശദമാക്കുകയും, അർഹമായ അംഗീകാരം പുനഃസ്ഥാപിക്കുകയും വേണം. റജാ നൗറിന് നീതി ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും സി കെ കാസിം MLA മാപ്പ് പറയണമെന്നും ബാലസംഘം കോഴിക്കോട് ജില്ലാ പ്രസിഡന്റ് ജെ എസ് സാനികയും സെക്രട്ടറി കെ അമൃതും പ്രസ്താവനയിലൂടെ ആവശ്യപ്പെടുന്നു.
Post a Comment