എലോക്കര: നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനും നിരന്തരമായ ശ്രമങ്ങൾക്കും ഒടുവിൽ എലോക്കര നിവാസികളുടെയും നാലേക്കറ ഭാഗത്തെയും ദീർഘകാലത്തെ നെറ്റ്‌വർക്ക് അപര്യാപ്തതയ്ക്ക് പരിഹാരമായി എലോക്കരയിൽ വോഡഫോൺ ഐഡിയ (Vi) ടവർ സ്ഥാപിതമായി. നാലേക്കറ സ്വദേശിയായ സജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് പുതിയ ടവർ യാഥാർത്ഥ്യമായിരിക്കുന്നത്.
പ്രദേശത്തെ നെറ്റ്‌വർക്ക് പ്രശ്നം രൂക്ഷമായതിനെ തുടർന്ന്, എലോക്കരയിലെ നിരവധി വിദ്യാർത്ഥികൾ പഠനസംബന്ധമായ പ്രതിസന്ധികളും ഒപ്പം കോൾ ബാങ്കിംഗ് സേവനങ്ങളുടെയും യുപിഐ (UPI) പേയ്‌മെന്റുകളുടെയും തടസ്സങ്ങളും നേരിട്ടിരുന്നു. ഈ പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളും നാട്ടുകാരും അഡ്വ. ഷമീം അബ്ദുറഹ്മാനോട് നേരിട്ട് പരാതി ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു അദ്ദേഹം ഈ വിഷയത്തിൽ ശക്തമായ ഇടപെടലുകൾക്ക് തുടക്കമിട്ടത്.
നാഷണൽ ഹൈവേ റോഡിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായിട്ട് പോലും, തൊട്ടടുത്തുള്ള എസ്ബിഐ ബാങ്കിലും എച്ച്പി പെട്രോൾ പമ്പിലും മറ്റ് സ്ഥാപനങ്ങളിൽ പോലും നെറ്റ്‌വർക്ക് തടസ്സം രൂക്ഷമായി നേരിട്ടിരുന്ന ഒരു സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
പ്രദേശത്തെ നെറ്റ്‌വർക്ക് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി, പ്രദേശവാസിയും അഭിഭാഷകനുമായ അഡ്വ. ഷമീം അബ്ദുറഹ്മാൻ ടി. എം. വോഡഫോൺ ഐഡിയ കമ്പനിക്ക് നിരന്തരം ഔദ്യോഗിക ഇമെയിലുകൾ അയക്കുകയും ശക്തമായ ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്നു. ടവർ സ്ഥാപിക്കാത്ത പക്ഷം നിയമപരമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം കമ്പനിക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായി, രണ്ട് മാസങ്ങൾക്ക് മുൻപ് വോഡഫോൺ ഐഡിയയുടെ ബാംഗ്ലൂർ ഓഫീസിൽ നിന്നുള്ള പ്രത്യേക നെറ്റ്‌വർക്ക് ടീം നേരിട്ടെത്തി എലോക്കര പ്രദേശം പരിശോധിച്ച് മടങ്ങിയിരുന്നു.
തുടർന്ന് നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെയും നിയമപരമായ ഇടപെടലുകളുടെയും ഫലമായാണ് ഇപ്പോൾ എലോക്കരയിൽ ടവർ സ്ഥാപിച്ചിരിക്കുന്നത്. ഈയൊരു വിഷയം പരിഹരിക്കാനും നിയമപോരാട്ടങ്ങൾ മുന്നോട്ട് കൊണ്ടുപോകാനും എലോക്കര വാർഡ് മെമ്പർ ശ്രീജിത്തിന്റെയും നാട്ടുകാരുടെയും പൂർണ്ണമായ സഹായ സഹകരണങ്ങൾ തുടക്കം മുതൽ തന്നെ ഉണ്ടായിരുന്നു എന്ന് അഡ്വ. ഷമീം അബ്ദുറഹ്മാൻ വ്യക്തമാക്കി
Post a Comment