Jan 13, 2022

റേഷൻ വിതരണത്തിന് 18 വരെ പ്രത്യേക സമയക്രമം


തിരുവനന്തപുരം : സെർവറിലെ സാങ്കേതിക പ്രശ്നങ്ങൾ മൂലം സംസ്ഥാനത്ത് ചിലയിടത്ത് റേഷൻ വിതരണം തടസപ്പെട്ട സാഹചര്യത്തിൽ ഈ മാസം 18 വരെ റേഷൻ കടകളുടെ പ്രവർത്തനത്തിനു പ്രത്യേക സമയക്രമം നിശ്ചയിച്ചതായി ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. റേഷൻ വിതരണത്തിന് 18 വരെ പ്രത്യേക സമയക്രമം
റേഷൻ വിതരണം പൂർണമായി മുടങ്ങിയെന്നതു തെറ്റായ പ്രചാരണമാണെന്നും സാങ്കേതിക തകരാറിന്റെ പേരിൽ സർക്കാരിനെ പഴിക്കാനും പൊതുവിതരണ രംഗമാകെ കുഴപ്പത്തിലാണെന്നു വരുത്താനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സെർവറിന്റെ ശേഷിയുമായി ബന്ധപ്പെട്ടാണു സാങ്കേതിക പ്രശ്‌നമുണ്ടായിരിക്കുന്നതെന്നു മന്ത്രി പറഞ്ഞു.
 ഈ പ്രശ്നം പൂർണമായി പരിഹരിക്കുന്നതു മുൻനിർത്തി 18 വരെ രാവിലെ ഏഴു ജില്ലകൾ, വൈകിട്ട് ഏഴു ജില്ലകൾ എന്ന നിലയ്ക്കാകും റേഷൻ വിതരണം ചെയ്യുക. മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് ജില്ലകളിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12 വരെ റേഷൻ സാധനങ്ങൾ വാങ്ങാം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോഡ്, ഇടുക്കി ജില്ലകളിൽ ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെ റേഷൻ കടകളിൽനിന്നു സാധനങ്ങൾ ലഭിക്കും.
റേഷൻ വിതരണം പൂർണമായി തടസപ്പെട്ടെന്ന പ്രചാരണം തെറ്റാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. എട്ടാം തീയതി 2,08,392 പേരും പത്തിന് 1,79,750 പേരും 11ന് 1,03,791 പേരും സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ വാങ്ങിയിട്ടുണ്ട്.
എട്ടിന് ഉച്ചയോടെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടപ്പോൾത്തന്നെ അടിയന്തര നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ഇ-പോസ് മെഷീനിൽ വിരലടയാളം പതിപ്പിച്ച് ആളെ തിരിച്ചറിഞ്ഞാണ് റേഷൻ വിതരണം നടക്കുന്നത്. ഈ സംവിധാനത്തിലൂടെ മേഖലയിലെ തെറ്റായ പ്രവണതകൾ വലിയൊരു അളവോളം ഇല്ലാതാക്കാൻ കഴിഞ്ഞു. ഹൈദരാബാദിലെ നാഷണൽ ഇൻഫർമാറ്റിക് സെന്റർ (എൻ.ഐ.സി.) സെർവറിലൂടെയാണ് ഇ-പോസ് മെഷീനിന്റെ വിവരവിശകലനം നടക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only