മറ്റെങ്ങും പോകാൻ കഴിയാതെവന്നതോടെ യാത്ര ഇഷ്ടപ്പെടുന്നവർ ചുറ്റുവട്ടങ്ങളുടെ മനോഹാരിതയിലേക്ക് ആഴ്ന്നിറങ്ങി, അതിന്റെ ഭംഗിയും സൗരഭ്യവും ആവോളം ആസ്വദിച്ചു. കണ്ടും കേട്ടുമറിഞ്ഞ് ഒട്ടേറെപ്പേർ ഒഴുകിയെത്തി... അങ്ങനെ കോവിഡാനന്തരം പിറവിയെടുത്തത് എണ്ണിയാലൊടുങ്ങാത്ത കൊച്ചു കൊച്ചു ടൂറിസം കേന്ദ്രങ്ങൾ.
ഒരു തദ്ദേശസ്ഥാപനത്തിൽ ചുരുങ്ങിയത് ഒരു ടൂറിസം കേന്ദ്രമെങ്കിലും പുതുതായി കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കാൻ ടൂറിസം വകുപ്പ് നിർദേശം നൽകിയിരുന്നു. അങ്ങനെ ജില്ലയിൽനിന്ന് സമർപ്പിക്കപ്പെട്ട പദ്ധതികൾ ഒട്ടേറെയാണ്. ഇതോടെ പുതിയ പ്രതീക്ഷയിലാണ് പുതിയ നാൽപ്പതോളം ടൂറിസം കേന്ദ്രങ്ങൾ. ഇതിൽ ചില കേന്ദ്രങ്ങൾ മികച്ച സാധ്യതയുള്ളതാണെന്നാണ് വിലയിരുത്തൽ. സാധ്യതകൾ വിലയിരുത്തി വിശദമായ പഠനറിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഒരുക്കത്തിലാണ് ടൂറിസം വകുപ്പ്. പുതുവർഷം ഈ കേന്ദ്രങ്ങൾക്കെല്ലാം പുതിയ പ്രതീക്ഷകളാണ് നൽകുന്നത്.
മിനി ഗോവ മുതൽ പാപ്പൻചാടിക്കയം വരെ...
കൊളാവിപ്പാലത്താണ് മിനി ഗോവ. പേരുകേട്ട ബീച്ചുകളെ വെല്ലുന്ന സുന്ദരതീരം. കോട്ടപ്പുഴ (കുറ്റ്യാടിപ്പുഴ) കടലിലേക്ക് ചേരുന്ന ഭാഗത്തിന് സമീപത്തായാണ് ഈ തീരം. നേരത്തെ ഇത്രയും തീരം ഇവിടെ ഉണ്ടായിരുന്നില്ല. മണൽ വന്നടിഞ്ഞാണ് കര രൂപപ്പെട്ടത്. ഇതിനുശേഷമാണ് ഇവിടേക്ക് സഞ്ചാരികൾ എത്തുന്നതും. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം നൂറുകണക്കിനാളുകളാണ് അവധിദിവസങ്ങളിൽ എത്തുന്നത്.
സമുദ്രനിരപ്പിൽനിന്ന് 2000 അടിയോളം ഉയരത്തിലുള്ള ഉറിതൂക്കിമലയും കൊരണപ്പാറയും സാഹസികസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറിയിട്ടുണ്ട്. നാദാപുരം മണ്ഡലത്തിലാണ് ഈ കേന്ദ്രങ്ങൾ. പഴശ്ശിരാജ ഭക്ഷണം സൂക്ഷിച്ചതെന്ന് കരുതുന്നതാണ് ഉറിതൂക്കിമല. ഇവിടേക്ക് നാദാപുരം, കുറ്റ്യാടി വഴി എത്തുന്ന സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്
കൂടരഞ്ഞി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിൽ മാത്രം പത്തോളം പുതിയ കേന്ദ്രങ്ങളിൽ സഞ്ചാരികളെത്തുന്നുണ്ട്. ഇതിലേറെയും വെള്ളച്ചാട്ടങ്ങളാണ്. പൂവ്വാറൻതോടിൽ ഫാം ടൂറിസത്തിന്റെ സാധ്യതകൾ തുറന്നതാണ് മറ്റൊരു നേട്ടം. മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന കക്കാടംപൊയിലിന്റെ കുളിർമ നുകരാൻ ഏത്തുന്നവരും ഏറെ. കക്കയം കരിയാത്തുംപാറയിലെ പാപ്പൻചാടിക്കയമാണ് മറ്റൊരു ആകർഷണം. പാറക്കെട്ടുകളിലൂടെയുള്ള വെള്ളച്ചാട്ടവും കയവുമാണ് ഇവിടുത്തെ ആകർഷണം.
ഒരു കിലോമീറ്ററോളം നടന്നുവേണം ഇവിടെയെത്താൻ. വളയം, ചെക്യാട് പഞ്ചായത്തുകളോട് ചേർന്നുകിടക്കുന്ന അഭയഗിരി, വാഴമലയിലെ വിമാനപ്പാറ, തിരികക്കയം, തോണിക്കയം വെള്ളച്ചാട്ടങ്ങൾ, ചോറോട് പഞ്ചായത്തിലെ മുട്ടുങ്ങൽ ഗോസായിക്കുന്ന് തീരം, വേളത്തെ പുഴയോരങ്ങൾ, ചക്കിട്ടപാറ പഞ്ചായത്തിലെ കൊത്തിയപാറ, കുറ്റ്യാടി പുഴയുടെ ഉത്ഭവകേന്ദ്രമായ മീൻതുള്ളിപ്പാറ, പേരാമ്പ്ര ചേർമല, കോട്ടൂർ പഞ്ചായത്തിലെ വേയപ്പാറ, മേപ്പയ്യൂർ മീറോട് മല തുടങ്ങിയ എണ്ണിയാലൊടുങ്ങാത്ത കേന്ദ്രങ്ങളാണ് സഞ്ചാരികൾ തുറന്നെടുത്തത്.
Post a Comment