മുക്കം : കാരശേരി പഞ്ചായത്തിലെ കുമാരനെല്ലൂര്‍ നെല്ലിക്കുത്തിലെ പ്രസിദ്ധമായ നെല്ലിക്കുത്ത് പാറ, റോഡ് നവീകരണത്തിന്‍റെ ഭാഗമായി ചരിത്രത്തിന്‍റെ ഭാഗമാകുന്നു.പുരാതന ഖബ്ര്‍സ്ഥാന്‍ നിലകൊള്ളുന്ന നെല്ലിക്കുത്ത് ജുമാമസ്ജിദിനോട് ചേര്‍ന്നാണ് നെല്ലിക്കുത്ത് പാറ സ്ഥിതി ചെയ്യുന്നത്.
നിരവധി നെല്ലിമരങ്ങള്‍ ഉണ്ടായിരുന്ന 'നെല്ലി' ക്കുത്തില്‍ നിലവില്‍ നെല്ലിമരങ്ങള്‍ ഇല്ല.
റോഡ് നവീകരണം തുടങ്ങിയതോടെ പ്രദേശത്തെ നെല്ലിക്കുത്ത് പാറയും അപ്രത്യക്ഷമാവുകയാണ്.
തിരുവമ്പാടി-മണ്ടാം കടവ് റോഡില്‍ ജില്ലാ പഞ്ചായത്തിന്‍റെയും പൊതു മരാമത്ത് വകുപ്പിന്‍റെയും കീഴില്‍ നേരത്തെ പല പരിഷ്കരണ പ്രവൃത്തികളും നടന്നെങ്കിലും നെല്ലിക്കുത്ത് പാറ എന്നും ബാലികേറാ മലയായി നിന്നു.
2015ല്‍ മുക്കം കടവ് പാലം അപ്രോച് റോഡ് എന്ന നിലയില്‍ പൊതു മരാമത്ത് വകുപ്പ് അനുവദിച്ച പരിഷ്കരണ പ്രവൃത്തിക്ക് മുന്‍പായി നാട്ടുകാര്‍ മുന്‍കൈ എടുത്ത് റോഡിന്‍റെ ഒരു വശത്തെ പാറ പൊട്ടിച്ചു നീക്കിയത് ഏറെ ഗുണം ചെയ്തിരുന്നു.
ഇത് വഴി അക്കാലത്തു കെ.എസ്.ആര്‍.ടി.സി ബസുകളും സര്‍വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് അത് നിലച്ചു.നെല്ലിക്കുത്ത് പാറയിലെ കയറ്റത്തോടൊപ്പം മുന്‍വശത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തതും ഈ ഭാഗത്തെ യാത്ര ദുഷ്കരമാക്കിയരുന്നു.ഇപ്പോള്‍ പൊതു മരാമത്ത് വകുപ്പ് നടത്തുന്ന ബി.എം.ബി.സി നിലവാരത്തിലുള്ള പ്രവൃത്തിയില്‍ കയറ്റം കുറക്കാനും വളവു തീര്‍ക്കാനും പദ്ധതി ഉള്ളതിനാല്‍ നെല്ലിക്കുത്ത് പാറ ഏറെക്കുറെ പൊട്ടിക്കുകയും കയറ്റം കുറയുകയും ചെയ്തു.
കാലങ്ങളായി വികസനത്തിന് നെല്ലിക്കുത്ത് പാറ തടസം നിന്നെങ്കിലും നാട്ടുകാര്‍ക്ക് നെല്ലിക്കുത്ത് പാറയെ കുറിച്ച് ഓര്‍ക്കാനും പറയാനും നൂറു നാവാണ്.
പ്രദേശത്തുണ്ടായിരുന്ന കൂറ്റന്‍ പാറകളില്‍ രാത്രി കാലങ്ങളിലും മറ്റും കാറ്റ് കൊള്ളാനും തമാശകള്‍ പറഞ്ഞിരിക്കാനും സമയം കളയാനും ആളുകള്‍ തമ്പടിച്ചിരുന്നു.സാധനങ്ങള്‍ ഉണക്കാനിടാനും നാട്ടുകാര്‍ക്ക് നെല്ലിക്കുത്ത് പാറ വലിയ സഹായങ്ങള്‍്് ചെയ്തിട്ടുണ്ട്
മഴക്കാലത്ത് പാറയിലെ വഴുപ്പില്‍ ചവിട്ടി നിരവധി പേര്‍ക്ക് പരുക്കും പൊട്ടലും സംഭവിച്ചതായി പ്രദേശവാസികളും നെല്ലിക്കുത്ത് പള്ളി കമ്മിറ്റി പ്രസിഡന്‍റ് യൂനുസ് പുത്തലത്ത,സെക്രട്ടറി എം.പി.കെ അബ്ദുല്‍ ബര്‍റ് എന്നിവര്‍ സുപ്രഭാതത്തോട് പറഞ്ഞു.
റോഡ് നവീകരണം പൂര്‍ത്തിയാകുന്നതോടെ മലപ്പുറം ഭാഗത്ത് നിന്ന് വയനാട് ഭാഗത്തേക്കുള്ള ദൂരം ഗണ്യമായി കുറയും.
കാരശേരി ജംങ്ഷനില്‍ നിന്ന് പഞ്ചായത്ത് ഓഫിസിന് സമീപം തിരിഞ്ഞ് മുക്കം കടവ് പാലം വഴി വരുമ്പോള്‍ മുക്കം ടൗണ്‍, അഗസ്ത്യന്‍ മുഴി എന്നിവിടങ്ങളിലെ തിരക്കുകളില്‍ പെടാതെ തിരുവമ്പാടിയിലെത്താം. തുരങ്ക പാതവഴി വയനാട്ടിലേക്കും അരിപ്പാറ,തുഷാരഗിരി വെള്ളച്ചാട്ടങ്ങളിലേക്കും എളുപ്പത്തില്‍ എത്താനും ഈ വഴി ഉപയോഗിക്കാനുമാകും.
Post a Comment