കോഴിക്കോട് : സെൻട്രൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 200 കിലോയോളം പഴകിയ മത്സ്യം പിടിച്ചെടുത്തു. കോർപ്പറേഷൻ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്നാണ് പരിശോധന നടത്തിയത്.പരാതിയെ തുടർന്നായിരുന്നു പരിശോധന. ദിവസങ്ങളുടെ പഴക്കമുള്ള നൂറുകിലോയോളം ചൂര, ഇതിനുപുറമേ സ്രാവ്, തിലോപ്പിയ, ഏട്ട തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ മൊബൈൽ ലാബിൽ നടത്തിയ പരിശോധനയിൽ പഴകിയതാണെന്ന് കണ്ടെത്തി ഇവ നശിപ്പിച്ചു.
ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടില്ല. പഴകിയ മീൻ വിറ്റ ഇസ്മയിലിനെ ഇനി മാർക്കറ്റിൽ മീൻ വിൽക്കാൻ അനുവദിക്കില്ലെന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം അറിയിച്ചു.
കോർപ്പറേഷൻ ഹെൽത്ത് ഓഫീസർ ഡോ. മിലു മോഹൻദാസ്, ഹെൽത്ത് സൂപ്പർവൈസർ പി. ഷജിൽ കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ സി.ടി.കെ. മേഘനാഥൻ, ജെ.എച്ച്.ഐ.മാരായ ഇ.കെ. ശൈലേഷ്, കെ. ബോബിഷ്, ഭക്ഷ്യ സുരക്ഷാ ഓഫീസർമാരായ ഡോ. വിഷ്ണു എസ്. ഷാജി, എസ്. ലസിക എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി വരുംദിവസങ്ങളിലും പരിശോധനകൾ ഊർജിതമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ കെ.കെ. അനിലൻ അറിയിച്ചു.
Post a Comment