Mar 20, 2022

''അച്ഛൻ പുറത്തിറങ്ങിയാൽ എന്നെയും കുടുംബത്തെയും കൊല്ലും’; ഹമീദിനെതിരെ മൂത്ത മകൻ


തൊടുപുഴ ചീനിക്കുഴിയിലെ കൂട്ടക്കൊലപാതകത്തില്‍ പ്രതി ഹമീദിനെതിരെ മൂത്തമകന്‍. ഹമീദ് പുറത്തിറങ്ങിയാല്‍ തങ്ങളെയും കുടുംബത്തെയും കൊലപ്പെടുത്തുമെന്ന് ഹമീദിനെ മൂത്തമകന്‍ ഷാജി്. ഹമീദിന് ഒരു തരത്തിലുള്ള നിയമസഹായവും ഒരുക്കില്ലെന്നും ഷാജി പറഞ്ഞു.

കഴിഞ്ഞ 30 വര്‍ഷമായി ഹമീദ് മക്കളുമായോ കുടുംബവുമായോ സഹകരണമില്ലെന്ന് ഷാജി പറയുന്നു. ‘രണ്ടാഴ്ച മുന്‍പ് ജ്യോഷ്ഠനോട് അച്ഛന്‍ പറഞ്ഞിരുന്നു എല്ലാവരേയും തീര്‍ക്കുമെന്നും എനിക്ക് മേല്‍പോട്ട് നോക്കിയാല്‍ ആകാശം, താഴേക്ക് നോക്കിയാല്‍ ഭൂമി എന്നാണെന്ന്. പക്ഷേ ഇങ്ങനെ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. പുറത്തിറങ്ങിയാല്‍ ഇനി ഞങ്ങളെയും കൊല്ലുമെന്ന് നല്ല ഭയമുണ്ട്. ഫൈസലിനെ കൊലപ്പെടുത്തിയതിന് ശേഷം ഇവിടെ വന്നും കൊല്ലാനായിരുന്നിരിക്കണം പദ്ധതി. അച്ഛന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങാതിരിക്കാന്‍ ഉള്ള എല്ലാ കാര്യവും ചെയ്യും’- ഷാജി പറഞ്ഞു

ഇന്നലെ പുലര്‍ച്ചെയാണ് മകന്‍ മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, പേരക്കുട്ടികളായ മെഹ്റ, അസ്ന എന്നിവരെ പിതാവ് ഹമീദ് വീടിന് തീവച്ച് കൊന്നത്. സ്വത്ത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കൂട്ടക്കൊല. കൊലപാതകം നടത്തുന്നതിനായി ഹമീദ് പെട്രോള്‍ നേരത്തെ കരുതിയിരുന്നു. മകനും കുടുംബവും രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടച്ച ശേഷമായിരുന്നു കൃത്യം നടത്തിയത്. തീ പിടുത്തം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ വെള്ളമൊഴിച്ച് തീ കെടുത്താന്‍ ശ്രമിക്കും എന്നതിനാല്‍, വീട്ടിലേയും അയല്‍ വീട്ടിലേയും ടാങ്കുകളിലെ വെള്ളം ഹമീദ് നേരത്തെ തന്നെ ഒഴുക്കിവിട്ടിരുന്നു. മോട്ടര്‍ അടിച്ച് വെള്ളം ലഭ്യമാകാതിരിക്കാന്‍ വൈദ്യുതിയും വിച്ഛേദിച്ചു. വീടിന്റെ വാതിലുകളെല്ലാം പുറത്ത് നിന്ന് പൂട്ടി. ശേഷം ജനലിലൂടെ പെട്രോള്‍ അകത്തേക്ക് എറിഞ്ഞ് തീ വയ്ക്കുകയായിരുന്നു. തീ ഉയര്‍ന്നതോടെ രക്ഷപ്പെടാനായി ഫൈസലും കുടുംബവും കുളിമുറിയിലേക്ക് ഓടിക്കയറിയെങ്കിലും വെള്ളമില്ലാത്തതിനാല്‍ കുടുംബം അഗ്നിക്കിരയാവുകയായിരുന്നു.

വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. തീ ആളിപ്പടരുന്നത് കണ്ട് നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോഴും, തീ വയ്ക്കാന്‍ ഉപയോഗിച്ച പെട്രോള്‍ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാന്‍ ഹമീദ് ശ്രമിച്ചു. നാട്ടുകാര്‍ ചേര്‍ന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.

മകന് എഴുതി കൊടുത്ത സ്വത്ത് തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നുവെന്ന് പ്രദേശവാസിയും മരിച്ച ഫൈസലിന്റെ സുഹൃത്തുമായ രാഹുല്‍ പറഞ്ഞു. ഈ വൈരാഗ്യം തന്നെയാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only