കേരള ഇൻഡിപെൻഡൻന്റ് ഫാർമേഴ്‌സ് അസോസിയേഷൻ - കിഫ, ഹരിത മിത്രം കർഷക സമിതി എന്നീ സ്വതന്ത്ര കർഷക സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്തിയ കോഴിക്കോട് കളക്ടറേറ്റ് മാർച്ചിൽ നൂറുകണക്കിന് കർഷകർ പങ്കെടുത്തുകൊണ്ട് കാർഷിക മേഖലയെ അവഗണിച്ചുകൊണ്ട് സർക്കാരിന് മുന്നോട്ടു പോകാൻ കഴിയില്ല എന്ന ശക്തമായ മുന്നറിയിപ്പ് നൽകി.
കാർഷിക മേഖലയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കുന്ന തരത്തിൽ വർധിച്ചു വരുന്ന വന്യജീവി ശല്യത്തിന് ശാശ്വത പരിഹാരം കാണുക , കാട്ടുപന്നി ഹോട്ട്സ്പോട്ട് ലിസ്റ്റിൽ കോഴിക്കോട് ജില്ലയിൽ ഒഴിവാക്കിയ വില്ലേജുകൾ ഉൽപെടുത്തുക , കാർഷിക കടങ്ങളുടെ പലിശ ഉപാധിരഹിതമായി എഴുതി തള്ളുക, വന്യമൃഗ ആക്രമണം മൂലമുണ്ടാകുന്ന കൃഷി നാശത്തിനും ജീവ നാശത്തിനും ന്യായമായ നഷ്ടപരിഹാരം നൽകുക , റബ്ബറും, തേങ്ങയുമടക്കമുള്ള നാണ്യ വിളകളുടെ വിലത്തകർച്ച പിടിച്ചു നിർത്താൻ, ന്യായ വിലക്ക് സർക്കാർ ഉടനടി സംഭരണം തുടങ്ങുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്.
3 മണിക്ക് എരഞ്ഞിപ്പാലം ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് കളക്ടറേറ്റെ മെയിൻ ഗേറ്റിൽ പോലീസ് തടഞ്ഞു. പിന്നീട് നടന്ന ധർണ്ണ കിഫ ചെയര്മാന് അലക്സ് ഒഴുകയിൽ ഉത്ഘാടനം ചെയ്തു. 1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ മാറ്റം വരുത്തുന്ന ഈ അവസരത്തിൽ , മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുന്ന വകുപ്പുകൾ പുതിയ നിയമത്തിൽ ഉൾപെടുത്താൻ കേരള സർക്കാരും, ഇവിടുത്തെ ജന പ്രതിനിധികളും പരമാവധി സമ്മർദ്ദം ചെലുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അപ്രായോഗികമായ വന്യജീവി ആക്രമണം തടയൽ പദ്ധതികൾ വനം വകുപ്പിലെ ഉദ്യോഗസ്ഥരുടെ കൊള്ളക്ക് അഴിമതിക്കും മാത്രമേ ഉപകരിക്കൂ എന്നും കർഷകരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി പ്രായോഗികതലത്തിൽ പ്രശ്നപരിഹാരത്തിന് പദ്ധതികൾ വിഭാവനം ചെയ്ത് നടപ്പിലാക്കണമെന്നും കർഷകരെ കുറ്റപ്പെടുത്തി പുറത്തുവിടുന്ന കളവായി റിപ്പോർട്ടുകൾക്കെതിരെ നിയമാനുസരണം ഉള്ള നടപടികൾ സ്വീകരിക്കുമെന്നും കിഫ ചെയർമാൻ കൂട്ടിച്ചേർത്തു
ഹരിത മിത്രം കർഷക സമിതി പ്രസിഡന്റ് ദേവസ്യ കാളംപറമ്പിൽ അധ്യക്ഷം വഹിച്ച യോഗത്തിൽ വില്യംസ് കാപ്പാട്ടു മല,അഹമ്മദ് കുട്ടി കൊയപ്പതോടി, മനോജ് കുമ്പളാനിക്കൽ, ലിൻസ് ജോർജ് , ബിജു കണ്ണന്തറ എന്നിവര് പ്രസംഗിച്ചു.
അടിയന്തിരമായി കർഷകർക്ക് അനുകൂലമായ രീതിയിൽ തീരുമാനങ്ങൾ ഉണ്ടായില്ലെങ്കിൽ സെക്രട്ടേറിയറ്റ് വളയുന്നതടക്കമുള്ള സമര പരിപാടികൾ ചെയ്യേണ്ടി വരുമെന്നും സംഘാടക സമിതി അറിയിച്ചു
Post a Comment