അഗർത്തല: ത്രിപുരയിൽ ബലാത്സംഗക്കേസ് പ്രതിയെ ഒരുകൂട്ടം സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് തല്ലിക്കൊന്നു. അഞ്ചു വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 46കാരനെയാണ് പ്രദേശത്തെ ഒരുകൂട്ടം സ്ത്രീകൾ തല്ലിക്കൊന്നത്. ധലായി ജില്ലയിലെ ഗന്ദാചെറ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിൽ അഞ്ചു വയസുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം മതചടങ്ങിൽ പങ്കെടുക്കാനെത്തിയ പെൺകുട്ടിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടിലെത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാൾ കളന്നുകളഞ്ഞു. പിന്നീട് കുട്ടിയുടെ കരച്ചിൽ കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച നാട്ടുകാർ ഗന്ദാചെറ-അമർപുർ ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് ഒരുകൂട്ടം സ്ത്രീകൾ ഇയാളെ പിടികൂടി മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ചത്. അബോധാവസ്ഥയിലായ ഇയാൾ ആശുപത്രിയിൽവച്ചാണ് മരണപ്പെട്ടത്.
നേരത്തെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് എട്ട് വർഷത്തോളം ഇയാൾ തടവുശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ബലാത്സംഗക്കേസിലും പ്രതിയുടെ കൊലപാതകങ്ങളിലും അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു
Post a Comment