മുക്കം:ഹരിതകേരളം മിഷൻ ജലഉപമിഷന്റെ ഭാഗമായി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച ജലഗുണനിലവാര പരിശോധനാ ലാബ് എംഎൽഎ ലിന്റോ ജോസഫ് നാടിനു സമർപ്പിച്ചു.
ഹയർ സെക്കൻഡറി സ്‌ക്കൂളുകളിലെ കെമിസ്ട്രി ലാബുകൾ പ്രയോജനപ്പെടുത്തി ഹരിത കേരളം മിഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുവമ്പാടി മുൻ എംഎൽഎ ജോർജ്ജ് എം തോമസിന്റെ പ്രത്യേക വികസന നിധിയിൽ നിന്നും 1.6 ലക്ഷം രൂപ വകയിരുത്തിയാണ് ലാബ് സജ്ജീകരിച്ചത്.ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് പ്രാഥമിക ലാബ് സൗകര്യം എല്ലാ തദ്ദേശഭരണ സ്ഥാപനതലത്തിലും സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്.
ജലപരിശോധനയുമായി ബന്ധപ്പെട്ട് ജലത്തിന്റെ നിറം, ഗന്ധം, പി.എച്ച് മൂല്യം, വൈദ്യുത ചാലകത, ലവണ സാന്നിധ്യം, ലയിച്ചു ചേർന്നിട്ടുള്ള ഖര പദാർത്ഥങ്ങളുടെ അളവ്, നൈട്രേറ്റിന്റെ അളവ്, അമോണിയയുടെ അളവ്, കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം എന്നിവയാണ് ഈ ലാബുകളിൽ പ്രധാനമായും പരിശോധിക്കുന്നത്
സ്‌കൂളിലെ കെമിസ്ട്രി അധ്യാപകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ കൂടെ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജലപരിശോധന സംബന്ധിച്ച് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ ഇതിനോടകം ഓൺലൈൻ പരിശീലനം നൽകിയിട്ടുണ്ട്.
നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ മുക്കം നഗരസഭാ കൗൺസിലർ പി ടി ബാബു അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോഓർഡിനേറ്റർ പി പ്രകാശ് റിപ്പോർട്ട് അവതരിപ്പിച്ചു.
ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഇ സത്യനാരായണൻ, കൗൺസിലർമാരായ അനിത കുമാരി, കല്ല്യാണികുട്ടി, വേണുഗോബാലൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ കെ വി അബ്ദുൾ മജീദ്, പ്രിൻസിപ്പാൾ വി കെ പ്രസാദ്, പി ടി എ പ്രസിഡന്റ് എം കെ യാസർ, പി വി സാദിഖ്, വിദ്യാർത്ഥികൾ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment