കോഴിക്കോട്: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ വീട്ടിലെത്തി യുവാവ് തീ കൊളുത്തി മരിച്ചു. ജാതിയേരി പൊൻപറ്റ വീട്ടിൽ രത്നേഷ് (42) ആണ് മരിച്ചത്.
കോഴിക്കോട് നാദാപുരം ജാതിയേരി കല്ലുമ്മലിൽ ഇന്ന് പുലർച്ചെ 2നാണ് സംഭവം. അരകിലോമീറ്ററോളം അകലെയുള്ള യുവതിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നു. വീടിന്റെ മുറ്റത്തുണ്ടായിരുന്ന ഇരുമ്പ് ഗോവണി ഉപയോഗിച്ച് ഇരുനില കോൺക്രീറ്റ് വീടിന്റെ മുകൾ നിലയിൽ കയറുകയും വാതിൽ തകർത്ത് കിടപ്പ് മുറിയിൽ തീ വയ്ക്കുകയായിരുന്നു.
വീട്ടിൽ നിന്ന് തീ ആളിപടരുന്നത് കണ്ട അയൽവാസി ബഹളം വച്ച് നാട്ടുകാരെ വിവരം അറിയിച്ചു. പ്രദേശവാസികൾ ഓടിയെത്തിയപ്പോൾ വീടിന്റെ ടെറസിൽ നിന്ന് ഇറങ്ങി വന്ന രത്നേഷ്, ദേഹമാസകലം പെട്രോൾ ഒഴിക്കുകയും, കുടിക്കുകയും ചെയ്ത ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ശരീരമാകെ തീ ആളിപടർന്ന് വീട്ടിലേക്കുള്ള വഴിയിൽ ഗെയ്റ്റിന് സമീപം രത്നേഷ് വീണു.
യുവതിക്കും സഹോദരനും സഹോദര ഭാര്യയ്ക്കും പരുക്കേറ്റു. ഇവരെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ല. യുവതിയുടെ വിവാഹം ഏപ്രിലിൽ നിശ്ചയിച്ചതായിരുന്നു. രത്‌നേഷ് ഇലക്ട്രീഷ്യനാണ്. രത്‌നേഷിന്റെ മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
Post a Comment