Apr 15, 2022

പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഖ:വെള്ളി


ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദുഖ:വെള്ളി ആചരിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർഥനയും ഉണ്ടാകും.

യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകൾ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ പിറ്റേ ദിവസമാണ് ദുഃഖവെള്ളി. യേശുവിന്റെ മൃതദേഹത്തിന്റെ പ്രതിരൂപം വഹിച്ചുകൊണ്ടുള്ള ആഘോഷമായ നഗരികാണിക്കൽ ചടങ്ങ് ദുഃവവെള്ളിയുടെ ഭാഗമായി ഇന്ന് പള്ളികളിൽ നടക്കും. രാത്രി കല്ലറയിൽ അടക്കം ചെയ്യുന്നതിന്റെ പ്രതീകമായി രൂപം പെട്ടിയിൽ അടച്ച ശേഷമാണ് ദുഃഖവെള്ളി ദിനത്തിലെ ആചാരങ്ങൾ അവസാനിക്കുക. ശനിയാഴ്ച ദേവാലയങ്ങളിൽ അഗ്നി, ജല ശുദ്ധീകരണം നടക്കും.

ഞായറാഴ്ചയാണ് മൂന്നാം ദിനം ഉയർത്തെണീറ്റ ക്രിസ്തുവിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഈസ്റ്റർ ആചരിക്കുന്നത്. ഇംഗ്ലീഷിൽ ഈ ദിനം ‘ഗുഡ് ഫ്രൈഡേ (നല്ല വെള്ളി) എന്നാണ് അറിയപ്പെടുന്നത്. ഒരു തരത്തിൽ ഈ ദിനം സന്തോഷത്തിന്റെ ദിവസം കൂടിയാണ്. കാരണം കുരിശുമരണത്തിലൂടെ അവിടുന്ന് നമ്മെ പാപങ്ങളിൽ നിന്നു രക്ഷിക്കുകയായിരുന്നു. 

ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനം ഈശോയുടെ കുരിശുമരണവും ഉത്ഥാനവുമാണ്. അതുകൊണ്ടു തന്നെ ക്രിസ്തീയ ജീവിതത്തിൽ ഏറ്റവും വിശുദ്ധമായി ആചരിക്കേണ്ട തിരുനാളും ദുഃഖ വെള്ളിയാണ്. ഉപവാസത്തിലൂടെയും പ്രാർഥനയിലൂടെയും വി. ഗ്രന്ഥ പാരായണത്തിലൂടെയും ദുഃഖവെള്ളിയാഴ്ച ദിവസം നാം പുർണമായി ദൈവത്തിനു സമർപ്പിക്കണം.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only