തിരുവനന്തപുരം: ഹൈഡ്രജനിൽ ഓടുന്ന ടൊയോട്ട മിറായ് കാർ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. സംസ്ഥാന സർക്കാരും ടൊയോട്ടയും തമ്മിലുള്ള കരാർ പ്രകാരം ഗതാഗതവകുപ്പിന് കീഴിലുള്ള ശ്രീചിത്രതിരുനാൾ കോളേജ് ഓഫ് എൻജിനിയറിങ്ങിലെ വിദ്യാർഥികളുടെ പഠനത്തിനാണ് കാർ നൽകിയത്.
ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളിലേക്ക് പോകുന്നതിന് മുന്നോടിയായിട്ടുള്ള പഠനവും പരീക്ഷണ ഓട്ടവുമാണ് നടക്കുന്നത്. കാറിന്റെ പിന്നിൽ സജ്ജീകരിച്ചിട്ടുള്ള രണ്ട് ടാങ്കുകളിലാണ് ഹൈഡ്രജൻ സംഭരിക്കുന്നത്. മുൻവശത്തെ ഗ്രില്ലിലൂടെ വലിച്ചെടുക്കുന്ന ഓക്സിജനും ടാങ്കിൽ സംഭരിച്ചിട്ടുള്ള ഹൈഡ്രജനും ചേർത്താണ് വാഹനം ഓടുന്നത്. എൻജിൻ പ്രവർത്തിക്കുമ്പോൾ മാലിന്യമായി പുറത്തുവരുന്നത് വെള്ളമാണ്. 65 ലക്ഷത്തിന് അടുത്താണ് വിപണി വില.
കെ.എസ്.ആർ.ടി.സി.യും ഹൈഡ്രജൻ ബസ് വാങ്ങാനുള്ള ഒരുക്കത്തിലാണ്. വൈദ്യുത വാഹനങ്ങളെ മറികടന്ന് ഹൈഡ്രജൻ വാഹനങ്ങൾ ഭാവിയിൽ വിപണി പിടിക്കുമെന്നാണ് പ്രതീക്ഷ. കാർബൺ ബഹിർഗമനം കുറഞ്ഞ ഹൈഡ്രജൻ വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന സർക്കാർ. പ്രത്യേക ഉത്തരവിലൂടെയാണ് കാർ രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം രജിസ്ട്രേഷനിലുള്ള (കെ.എൽ. 01 സി.യു. 7610) വാഹനം ഉടൻ കോളേജ് അധികൃതർക്ക് കൈമാറും.
Post a Comment