കോഴിക്കോട് : റംസാനും വിഷുവുമൊന്നിച്ചെത്തിയതോടെ മിഠായിത്തെരുവിലെ നൈറ്റ് ഷോപ്പിങ്ങും ഉത്സവമായി മാറി. പ്രളയവും കോവിഡും തകർത്ത കച്ചവടരംഗം നാലുവർഷത്തിനുശേഷം സജീവമായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികൾ.
വിഷുത്തിരക്ക് ഒരാഴ്ചയായി മിഠായിത്തെരുവിനെ സജീവമാക്കിയതായി കോർട്ട് റോഡിലെ ഫുട്‌വേർ വ്യാപാരിയായ പി.വി. ബദർ പറഞ്ഞു. തുണിക്കടകളിലും ഫുട്‌വേറുകളിലും ഒരുപോലെ തിരക്കുണ്ട്.
നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവെൽ ആളുകൾ അറിഞ്ഞുതുടങ്ങുന്നേയുള്ളൂ. എങ്കിലും ശനിയാഴ്ചകളിൽ 12 മണിവരെ എല്ലാ കടകളും തുറക്കുന്നതിനാൽ രാത്രിയിൽ പെരുന്നാൾ കോടിയും വിഷുക്കോടിയുമൊക്കെയെടുക്കാൻ ആളുകൾ എത്തുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു. ഇപ്പോൾ വിഷുവിപണിയാണ് കൂടുതൽ സജീവം
അടുത്തയാഴ്ചയോടെ പെരുന്നാൾത്തിരക്കും തുടങ്ങും. രണ്ടു ആഘോഷങ്ങളുംചേർന്ന് മിഠായിത്തെരുവിൽ കച്ചവടപ്പൂരമൊരുക്കുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. അതിനിടയിൽ രണ്ടുദിവസമായി തുടരുന്നമഴയാണ് അല്പം ആശങ്കയുണ്ടാക്കുന്നത്. മൂന്നരമാസത്തോളംനീളുന്ന നൈറ്റ് ഷോപ്പിങ് ഫെസ്റ്റിവെലാണ് മിഠായിത്തെരുവിൽ നടക്കുന്നത്.
രണ്ടാംശനിയാഴ്ചകളിൽ നറുക്കെടുപ്പുമുണ്ട്. ഷോപ്പിങ് ഫെസ്റ്റിവെലിന്റെ ഭാഗമായി മിഠായിത്തെരുവും കോർട്ട്‌റോഡും ദീപാലംകൃതമാക്കിയിട്ടുമുണ്ട്. ഉത്സവകാലത്ത് രാത്രിഷോപ്പിങ് സജീവമായിരുന്ന നഗരമായിരുന്നു കോഴിക്കോട്. ഇനി പഴയ പ്രതാപം തിരിച്ചുകൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാർ
Post a Comment