Apr 10, 2022

ബാങ്ക് തട്ടിപ്പ് കേസ്; അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യയുടേയും സ്വത്തുക്കള്‍ കണ്ടുകെട്ടി


ന്യൂഡല്‍ഹി: അറ്റ്‌ലസ് ജ്വല്ലറി ഡയറക്ടര്‍മാരായ അറ്റ്‌ലസ് രാമചന്ദ്രന്റേയും ഭാര്യ ഇന്ദിരാ രാമചന്ദ്രന്റേയും സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. 57.45 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. ബാങ്ക് വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. 2013നും 2018നും ഇടയിലെ 242.40 കോടി രൂപയുടേതാണ് തട്ടിപ്പ് കേസ്.
രണ്ടുപേരുടേയും കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണം, വെള്ളി, വജ്രം, ബാങ്ക് അക്കൗണ്ടുകള്‍, സ്ഥിര നിക്ഷേപങ്ങള്‍ എന്നിവ കണ്ടുകെട്ടിയവയില്‍ ഉള്‍പ്പെടും. 2002ലെ കള്ളപ്പണ വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമാണ് നടപടി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ തൃശൂര്‍ റൗണ്ട് സൗത്ത് ശാഖയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പു നടന്നത്. കേരളാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ഇഡി ഏറ്റെടുക്കുകയായിരുന്നു
പ്രതികള്‍ കെട്ടിച്ചമച്ച രേഖകള്‍ നല്‍കിയാണ് വായ്പ സ്വന്തമാക്കിയതെന്നും വായ്പ തുകയായ 242.40 കോടി രൂപ തിരിച്ചടച്ചില്ലെന്നും ഇഡി കണ്ടെത്തി. ബിസിനസ് ആവശ്യങ്ങള്‍ക്കായിരുന്നു ഇവര്‍ ഇത്രയും തുക വായ്പയെടുത്തത്. ഇങ്ങനെ വായ്പയായി ലഭിച്ച നൂറു കോടി രൂപ ഡല്‍ഹിയിലെ അറ്റ്‌ലസ് ജ്വല്ലറി ശാഖയുടെ ഷെയറുകള്‍ക്കായി ചെലവാക്കിയതായും 14 കോടി രൂപ ഡല്‍ഹിയിലെ തന്നെ ആക്‌സിസ് ബാങ്കില്‍ നിക്ഷേപിച്ചതായും കണ്ടെത്തി. മുംബൈയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നുമായി 12.59 കോടി രൂപ കണ്ടെത്തിയതായാണ് ഇഡി അറിയിക്കുന്നത്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only