May 21, 2022

മോഹന്‍ലാലിന് ഇന്ന് 62-ാം പിറന്നാള്‍; ആശംസകളുമായി സിനിമാലോകം


ചിത്രം : വര വിനീത ഷാജി

മലയാളത്തിന്‍റെ നടനവിസ്മയം മോഹന്‍ലാലിന്  ഇന്ന് 62-ാം പിറന്നാള്‍ . നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്താനാകാത്ത അഭിനയ യാത്രയുമായി അദ്ദേഹത്തിന്‍റെ സിനിമാ ജീവിതം തുടരുകയാണ്. തന്‍റെ ആദ്യ സംവിധാന സംരംഭമായ ബറോസിന്‍റെ ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍.

ജീത്തു ജോസഫ് സംവിധാനം ചെയ്ത 12 മാന്‍ ആണ് അദ്ദേഹത്തിന്‍റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം. ഒടിടി റിലീസായെത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു.

തിരനോട്ടത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച്, പിന്നീട് മലയാളത്തിന്റെ അതിർവരമ്പുകൾക്കപ്പുറം വളർന്ന് ഇന്ത്യൻ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹൻലാൽ. രണ്ടു തവണ മികച്ച നടനുള്ളതടക്കം നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷാചിത്രങ്ങളിലും തന്റെ പ്രതിഭ രേഖപ്പെടുത്തി.

മലയാള സിനിമയുടെ വാണിജ്യ സാധ്യതകള്‍ മുഴുവന്‍ സിനിമാ ലോകത്തിനും ബോധ്യപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് മോഹന്‍ലാല്‍ ചിത്രങ്ങളാണ്. ദ്യശ്യത്തിന്‍റെ ഒന്നും രണ്ടും ഭാഗങ്ങള്‍ നേടിയ വിജയം കേരളവും ഇന്ത്യയും കടന്ന് വിദേശ രാജ്യങ്ങളില്‍ പോലും മലയാള സിനിമയുടെ ഖ്യാതി എത്തിക്കുന്നതിന് കാരണമായി. ബോക്സ്ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച പുലിമുരുകനും, ലൂസിഫറും മലയാള സിനിമാ വ്യവസായത്തിന് പുതിയ നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു

വര്‍ഷങ്ങള്‍ അനവധി പിന്നിട്ടും മോഹന്‍ലാലിന്‍റെ താരമൂല്യത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്നത് വസ്തുതയാണ്.നടന്‍, നിര്‍മ്മാതാവ്, ഗായകന്‍, അവതാരകന്‍ എന്നീ നിലകളില്‍ കഴിവ് തെളിയിച്ച അദ്ദേഹത്തിന്‍റെ സംവിധായക പ്രതിഭ അറിയാനും ആസ്വദിക്കുവാനും കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.

ജീത്തു ജോസഫ് ഒരുക്കുന്ന റാം, ഷാജി കൈലാസ് ചിത്രം എലോണ്‍, വൈശാഖ് സംവിധാനം ചെയ്യുന്ന മോണ്‍സ്റ്റര്‍ തുടങ്ങിയവയാണ് മോഹന്‍ലാലിന്‍റെ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളത്തിലെ ആദ്യ 200 കോടി ക്ലബ്ബ് ചിത്രമായ ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എമ്പുരാന്‍ അടുത്ത വര്‍ഷം ആദ്യം ഷൂട്ടിങ് ആരംഭിക്കുമെന്ന് സംവിധായകനും നടനുമായ പൃഥ്വിരാജ് പറഞ്ഞിരുന്നു.

തിങ്കളാഴ്‌ച, മോഹൻലാലിന്റെ ക്ലാസിക് ചിത്രമായ ‘നമുക്ക് പാർക്കൻ മുന്തിരി തോപ്പുകൾ’ എന്ന സിനിമയിലെ ഒരു അപൂർവ ചിത്രം NFAI പോസ്റ്റ് ചെയ്യുകയും, “#FaceOfTheWeek #Mohanlal തുടങ്ങിയ ഹാഷ്ടാഗുകൾക്കൊപ്പം ചിത്രത്തിന്റെ സംഗ്രഹം പങ്കിട്ടു. ഏറ്റവും ആകർഷകമായ റൊമാന്റിക് കഥാപാത്രങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന സോളമന് മോഹൻലാൽ അതുല്യമായ ചാരുത കൊണ്ടുവന്നു. ഹൃദ്യമായ ആഖ്യാനവും ദൃശ്യങ്ങളും സംഗീതവും ചിത്രത്തിന്റെ ഹൈലൈറ്റുകളാണ്. ചിത്രത്തിനായി മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം വേണു നേടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only