May 7, 2022

കേരള സര്‍ക്കാര്‍ ഇസ്ലാമിക ഭീകരതയുടെ രക്ഷാധികാരി: ജെ.പി. നദ്ദ - ഒരു മതവിഭാഗത്തെ മാത്രം പിന്തുണയ്ക്കുന്നു




കോഴിക്കോട്: കേരളത്തില്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സിപിഎം സര്‍ക്കാര്‍ ഇസ്ലാമിക ഭീകരതയുടെ രക്ഷാധികാരിയാകുന്നുവെന്ന്  ബിജെപി ദേശീയ അധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദ. ബിജെപി  കോഴിക്കോട് ജില്ലാ കമ്മറ്റി കോഴിക്കോട് കടപ്പുറത്ത്  സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുസമുദായം മാത്രമല്ല, ക്രിസ്തീയ സമൂഹവും ഇക്കാര്യത്തില്‍ ആശങ്കയുള്ളവരാണ്. ജനസംഖ്യാനുപാതത്തിലെ അസന്തുലിതാവസ്ഥയും നാര്‍കോട്ടിക് ജിഹാദും സംബന്ധിച്ച ആശങ്ക അവര്‍ വെളിപ്പെടുത്തിയതാണ്. കപട മതേതരത്വം, ഭിന്നിപ്പിച്ച് ഭരിക്കല്‍ എന്നിവയാണ് കേരളത്തിലെ ഇടത് സര്‍ക്കാരിന്റെ നയങ്ങള്‍. ഒരു മതവിഭാഗത്തെ മാത്രം പിന്തുണയ്ക്കുകയാണ്. അധികാരകേന്ദ്രങ്ങളുടെ സഹായത്തോടെ കേരളത്തില്‍ സിപിഎമ്മും ഇസ്ലാം ഭീകരവാദികളും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ ജനാധിപത്യത്തിനായി പോരാടുന്ന കേരളത്തിലെ ജനങ്ങളെ അദ്ദേഹം അഭിവാദ്യം ചെയ്തു.
കേരളത്തില്‍ അക്രമങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുകയാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ കൂടുന്നു. ഏറെക്കാലമൊന്നും കേരളജനത ഇടതുപക്ഷത്തെ സഹിക്കില്ല. ദേശീയതയുടെ പക്ഷത്തേക്ക് തീര്‍ച്ചയായും കേരളജനത മാറുമെന്ന് ഉറപ്പാണ്. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ വേണ്ടത്ര പരിഗണിക്കുന്നില്ല എന്നാണ് പിണറായി വിജയന്റെ പരാതി. എന്നാല്‍ കിസാന്‍ സമ്മാന്‍ പദ്ധതിയിലൂടെ കേരളത്തിലെ 37,31,000 പേര്‍ക്ക് ധനസഹായം നല്‍കിയതും 17 ലക്ഷത്തിലേറെ കുടുംബങ്ങള്‍ക്ക് കുടിവെള്ള കണക്ഷന്‍ നല്‍കിയതും ഉള്‍പ്പെടെ നിരവധി കേന്ദ്രസഹായങ്ങളാണ് കേരളത്തിന് നല്‍കിയത്. 
നരേന്ദ്രമോദി സര്‍ക്കാര്‍ എല്ലാവര്‍ക്കും അധികാരം പകരുന്ന സര്‍ക്കാരാണ്. ബിസിജി വാക്‌സിന്‍, ടെറ്റനസ് വാക്‌സിന്‍, ഹെപ്പറ്റൈറ്റിസ് വാക്‌സിന്‍ തുടങ്ങിയ വാക്‌സിനുകള്‍ ഇന്ത്യയിലെത്തിക്കാന്‍ മുന്‍ സര്‍ക്കാരുകള്‍ ദശകങ്ങള്‍ തന്നെയെടുത്തപ്പോള്‍, മോദി സര്‍ക്കാര്‍ കൊറോണയ്ക്കുള്ള രണ്ട് വാക്‌സിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചത് ഒമ്പത് മാസം കൊണ്ടാണ്. ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ക്ക് സുരക്ഷാകവചം ഒരുക്കിയതിന് പുറമെ 100 ലേറെ രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുകയും ചെയ്തു. യുദ്ധത്തെ തുടര്‍ന്ന് ഉക്രൈനില്‍ നിന്ന് 32,000 ഇന്ത്യക്കാരെയാണ് 114 ഫ്‌ളൈറ്റുകള്‍ പറത്തി സ്വദേശത്തേക്ക് എത്തിച്ചത്. മറ്റ് രാജ്യങ്ങളിലുള്ളവരെ പോലും ഉക്രൈനില്‍ നിന്ന് രക്ഷിച്ച് ഇന്ത്യയിലെത്തിച്ച് സ്വദേശത്തേക്ക് അയച്ച ഇന്ത്യയുടെ പ്രവര്‍ത്തനത്തിന് ആഗോളതലത്തില്‍ അഭിനന്ദിക്കപ്പെട്ടതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. 
ബിജെപി ജില്ലാ അധ്യക്ഷന്‍ അഡ്വ. വി.കെ. സജീവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍, തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് അണ്ണാമലൈ കുപ്പുസ്വാമി, ദേശീയ ഉപാദ്ധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി, ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only