May 19, 2022

മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളവും പെൻഷനും നൽകുന്നുണ്ടോ? വാസ്തവമെന്ത്?


കേരളത്തിലെ മതേതരർക്ക് ഒരു തുറന്ന കത്ത്'' എന്ന് തുടങ്ങുന്ന ഒരു സന്ദേശം വാട്സാപ്പിലൂടെ പ്രചരിക്കുന്നുണ്ട്. കേരളത്തിലെ മദ്രസകൾക്കു വേണ്ടി സർക്കാർ ഭീമമായ തുക ചെലവഴിക്കുന്നു എന്നാണിതിന്റെ ഉള്ളടക്കം. വിശ്വാസ്യത വർധിപ്പിക്കുന്നതിനായി കുറച്ച് കണക്കുകളും നൽകിയിട്ടുണ്ട്. മുൻ മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നൽകിയ വിവരങ്ങളാണിവയെന്നും ഈ സന്ദേശത്തിൽ അവകാശപ്പെടുന്നുണ്ട്. വാസ്തവമെന്തെന്ന് 

അന്വേഷണം

കേരളത്തിന്റെ ആകെ ജനസംഖ്യ, മുസ്ലിം ജനസംഖ്യ എന്നിവ അവതരിപ്പിച്ചുകൊണ്ടാണ് സന്ദേശം ആരംഭിക്കുന്നത്. അതിനു ശേഷം മദ്രസകളുടെയും മദ്രസ അധ്യാപകരുടെയും എണ്ണവും അവർക്ക് സർക്കാർ നൽകുന്ന ശമ്പളത്തിന്റെ കണക്കുകളും ചേർത്തിരിക്കുന്നു. അവയോരോന്നിന്റെയും വാസ്തവം പരിശോധിച്ചു.

കേരളത്തിൽ ആകെ 21,683 മദ്രസകളും അവയിൽ 2,04,683 അധ്യാപകുരും ജോലി ചെയ്യുന്നുണ്ടെന്നാണ് ആദ്യത്തെ വാദം.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനായി കേരള മദ്രസ അധ്യാപക ക്ഷേമനിധി ബോർഡ് അധികൃതരുമായി ബന്ധപ്പെട്ടു. അവർ നൽകിയ വിവരം അനുസരിച്ച്, കേരളത്തിൽ ആകെ 27,824 മദ്രസകളാണുള്ളത്. അവയിലെല്ലാമായി 1,71,716 അധ്യാപകർ ജോലി ചെയ്യുന്നുണ്ട്.

ഒരു മദ്രസ അധ്യാപകന് 25,000 രൂപ ശമ്പളവും ആളൊന്നിന് 6,000 രൂപ പെൻഷനും സർക്കാർ നൽകുന്നു എന്നതാണ് മറ്റൊരു ആരോപണം. ഒരു മാസം, ശമ്പളയിനത്തിൽ 500 കോടിയിലേറെ രൂപയും പെൻഷനുവേണ്ടി 120 കോടി രൂപയും സർക്കാർ ഖജനാവിൽനിന്ന് ചിലവാക്കുന്നുണ്ട്. പ്രതിവർഷം 7500 കോടി രൂപയിലേറെയാണ് ഇതിനായി ചെലവാക്കുന്നതെന്നും പറയുന്നു .

സമാന ആരോപണം മുൻപും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നതിനെ തുടർന്ന് എം.എൽ.എമാരായ ടി.വി. ഇബ്രാഹിം, മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം എന്നിവർ നിയമസഭയിൽ ഇത് സംബന്ധിച്ച് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ 2021 ജൂലൈ 28-ന് ഇതിന് മറുപടി നൽകി. മദ്രസ അധ്യാപകർക്ക് സർക്കാർ ശമ്പളമോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.



മദ്രസ അധ്യാപകർക്കായി സർക്കാർ ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുണ്ട്. 60 വയസ്സ് തികഞ്ഞ അംഗങ്ങൾക്ക് ഈ ബോർഡാണ് പെൻഷൻ നൽകുന്നത്. ഓരോ ക്ഷേമനിധി അംഗങ്ങളും അവരുൾപ്പെടുന്ന മദ്രസ മാനേജ്മെന്റുകളും പ്രതിമാസ വിഹിതം ബോർഡിന് നൽകും. ഇത് സംസ്ഥാന ട്രഷറിയിലാണ് നിക്ഷേപിക്കുന്നത്. ഇതിൽനിന്നു ലഭിക്കുന്ന ഇൻസെന്റീവ് ഉപയോഗിച്ചാണ് അംഗങ്ങൾക്ക് പെൻഷൻ നൽകുന്നത്. 1500 രൂപയാണ് പെൻഷൻ തുക, നിലവിൽ 1200 പേരാണ് ഇതിൻറെ ഗുണഭോക്താക്കളായിട്ടുള്ളതെന്ന് ബോർഡ് അധികൃതർ വ്യക്തമാക്കി. അതത് മദ്രസ കമ്മറ്റികളോ പള്ളി കമ്മറ്റികളോ ആണ് അധ്യാപകർക്ക് ശമ്പളം നൽകുന്നതെന്നും അവർ പറഞ്ഞു.

- ''വിവരങ്ങൾക്ക് കടപ്പാട് ബഹു: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ അവതരിപ്പിച്ച വിവരങ്ങൾ'' എന്നാണ് പ്രചരിക്കുന്ന സന്ദേശത്തിൽ നൽകിയിരിക്കുന്നത്. എന്നാൽ ഈ പ്രചാരണം വ്യാജമാണെന്നും താൻ ഇത്തരത്തിലൊരു കാര്യം നിയമസഭയിൽ പറഞ്ഞിട്ടില്ലെന്നും കെ.ടി. ജലീൽ ഫേസ്ബുക് പോസ്റ്റിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. (കെ.ടി. ജലീൽ ഇപ്പോൾ മന്ത്രിയല്ല. കഴിഞ്ഞ മന്ത്രിസഭയുടെ കാലത്താണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നത്.) അങ്ങനെ പ്രചരിക്കുന്ന ആരോപണങ്ങളെല്ലാം തന്നെ വസ്തുതാ വിരുദ്ധമാണെന്ന് ഉറപ്പിച്ചു.

വാസ്തവം

മദ്രസ അധ്യാപകർക്ക് സംസ്ഥാന സർക്കാർ ശമ്പളവും പെൻഷനും നൽകുന്നുണ്ടെന്ന പ്രചാരണം വ്യാജമാണ്. സർക്കാർ ഇത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും മദ്രസ അധ്യാപകർക്ക് നൽകുന്നില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only