May 29, 2022

വളർത്തുനായയുടെ നഖംപോറി, കുത്തിവെപ്പെടുത്തില്ല; പേവിഷ ബാധയേറ്റ് ഒൻപതുവയസ്സുകാരൻ മരിച്ചു


ശാസ്താംകോട്ട: പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഒൻപതുവയസ്സുകാരൻ മരിച്ചു. പോരുവഴി നടുവിലേമുറി ജിതിൻ ഭവനത്തിൽ ജിഷ-സുഹൈൽ ദമ്പതിമാരുടെ മകൻ ഫൈസലാണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. ഒരുമാസത്തോളം പ്രായമായ വളർത്തുനായയുടെ നഖംകൊണ്ടു പോറിയത് കാര്യമാക്കാതെ പ്രതിരോധ കുത്തിവെപ്പെടുക്കാൻ മടിച്ചതാണ് മരണത്തിലേക്ക് നയിച്ചത്.

ഇടയ്ക്കാട് സെന്റ് തോമസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിയാണ്. മാർച്ചിലാണ് കളിപ്പിക്കുന്നതിനിടയിൽ കുട്ടിക്ക് നായയുടെ നഖംകൊണ്ട് കൈത്തണ്ടയിൽ പോറലേറ്റത്. ഇതിനിടയിൽ മുത്തച്ഛനെ ഈ പട്ടി കടിക്കുകയും ചെയ്തു. അദ്ദേഹം പ്രതിരോധ കുത്തിവെപ്പെടുത്തു. ഫൈസലിന്റേത് ചെറിയ പോറൽമാത്രമായതിനാൽ വീട്ടുകാർ കാര്യമാക്കിയില്ല. വേനലവധിയായതിനാൽ രണ്ടുമാസത്തോളം അച്ഛൻ സുഹൈലിന്റെ കളിയിക്കാവിളയിലെ വീട്ടിലായിരുന്നു ഫൈസൽ. ദിവസങ്ങൾക്കുമുമ്പ് അമ്മയുടെ വീട്ടിൽ തിരികെയെത്തി. കലശലായ പനിയും അസ്വസ്ഥതയും പ്രകടമാക്കി.

തുടർന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. അവിടത്തെ ശിശുരോഗവിദഗ്ധന് സംശയംതോന്നി രക്തപരിശോധന നടത്തിയപ്പോഴാണ് പേവിഷബാധയേറ്റതായി കണ്ടെത്തിയത്. തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിൽ കഴിയവേ ശനിയാഴ്ച പുലർച്ചെ രണ്ടരയോടെ മരിച്ചു. ശനിയാഴ്ച രാവിലെ പോരുവഴിയിലെ കുടുംബവീട്ടിലെത്തിച്ചശേഷം മൃതദേഹം കളിയിക്കാവിളയിലേക്ക് കൊണ്ടുപോയി. കബറടക്കം അവിടത്തെ ജുമാമസ്ജിദ് കബർസ്ഥാനിൽ നടന്നു.

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only