മലയോരമേഖലയിലെ രാത്രിയാത്രക്കാർ കെ.എസ്.ആർ.ടി.സി. കോഴിക്കോട് ഡിപ്പോ അധികൃതരോട് ചോദിക്കുന്ന സ്ഥിരം ചോദ്യമാണിത്. യാത്രക്കാർക്ക് പ്രയോജനകരമായരീതിയിൽ സർവീസുകൾ ക്രമീകരിക്കാത്തതിനാൽ വീടുപിടിക്കാൻ പുലർച്ചവരെ സ്റ്റാൻഡിൽ ഉറക്കമിളയ്ക്കേണ്ട ഗതികേടിലാണ് മലയോരയാത്രക്കാർ. തിരുവമ്പാടി, ആനക്കാംപൊയിൽ, മുക്കം, കൂടരഞ്ഞി, പുല്ലൂരാംപാറ, ഓമശ്ശേരി, കോടഞ്ചേരി മേഖലയിലുള്ളവർക്കാണ് യാത്രാദുരിതം.
രാത്രി 12.15-നുള്ള മൈസൂരു-കോഴിക്കോട്-തിരുവമ്പാടി സൂപ്പർഫാസ്റ്റ് കഴിഞ്ഞാൽപിന്നെ തിരുവമ്പാടി മേഖലയിലേക്കൊരു ബസ് കിട്ടാനുള്ള കാത്തിരിപ്പ് ചില്ലറയല്ല. പുലർച്ചെ മൂന്നേകാലാകും അടുത്തബസ് കണികാണാൻ. രാത്രി പത്തരയ്ക്കും 11.40-നും കോഴിക്കോട്ടുനിന്ന് തിരുവമ്പാടിക്ക് ബസുണ്ട്. 11.40-നുള്ള മുത്തപ്പൻപ്പഴ ബസ് കഴിഞ്ഞാൽ തൊട്ടുപിന്നാലെ 12.15-ന് മൈസൂരു ബസും ഇതേ റൂട്ടിൽത്തന്നെയുണ്ട്. മുത്തപ്പൻപ്പുഴ ബസിന്റെ പിന്നാലെത്തന്നെയായതിനാൽ ഈ ബസ് പലപ്പോഴും കാലിയായാണ് ഓടുന്നത്.
മുമ്പ് ഒരുമണിക്ക് കോഴിക്കോട്ടുനിന്ന് എടുക്കുന്നരീതിയിലായിരുന്നു മൈസൂരു ബസിന്റെ സമയക്രമം. വൈകിയുള്ള തീവണ്ടികളിലും മറ്റും എത്തുന്നവർക്ക് ഈ ബസ് ഏറെ പ്രയോജനകരമായിരുന്നു. എന്നാൽ മുക്കാൽ മണിക്കൂറോളം നേരത്തെയാക്കിയതോടെ ഇത്തരം യാത്രക്കാർ പുലർച്ചെവരെ ബസ് കാത്തുനിൽക്കേണ്ടിവരുന്നു. ഈരാറ്റുപേട്ടയിൽനിന്ന് വരുന്നതാണ് 3.15-നുള്ള ബസ്. ഇത് വൈകുകകൂടിചെയ്താൽ കാത്തിരിപ്പ് വെളുക്കുംവരെ നീളും.മൈസൂരു ബസ് പോയിക്കഴിഞ്ഞാൽ ചാത്തമംഗലം, എൻ.ഐ.ടി., മുക്കം റൂട്ടിലെ യാത്രക്കാർക്കെല്ലാം ഈ ബുദ്ധിമുട്ടനുഭവിക്കണം. അല്ലെങ്കിൽ വൻതുക നൽകി ഓട്ടോയെ ആശ്രയിക്കണം. രാത്രി എട്ടര കഴിഞ്ഞാൽപിന്നെ ഈ റൂട്ടിൽ സ്വകാര്യബസുകളുമില്ല. ഈ സമയം യാത്രക്കാർ കുറവാണെന്ന വിശദീകരണമാണ് രാത്രി ബസില്ലാത്തതിന് കാരണമായി പലപ്പോഴും കെ.എസ്.ആർ.ടി.സി. അധികൃർ പറയുന്നത്
എന്നാൽ, സ്ഥിരം ബസുണ്ടായാൽ ആളുകളുണ്ടാകുമെന്നാണ് യാത്രക്കാർ പറയുന്നത്. വയനാട്ടിലേക്കുള്ള ബസുകളിൽ കയറി കൊടുവള്ളിയിലോ കുന്ദമംഗലത്തോ ഇറങ്ങി ഓട്ടോ വിളിച്ചാണ് പലരുമിപ്പോൾ രാത്രി വീടുപിടിക്കുന്നത്.
കാര്യം നിസ്സാരം, പക്ഷേ അധികൃതർ കനിയണം: യാത്രക്കാർ
കെ.എസ്.ആർ.ടി.സി. അധികൃതർ മനസ്സുവെച്ചാൽ അനായാസം പരിഹരിക്കാവുന്ന വിഷയമാണിത്. മുത്തപ്പൻപ്പുഴ ബസിന്റെ തൊട്ടുപിന്നാലെ ഓടാതെ മൈസൂരു ബസിന്റെ സമയം പഴയപോലെ ഒരുമണി ആക്കിയാൽമാത്രംമതി.
കുന്ദമംഗലത്തിന് അപ്പുറത്തേക്ക് തിരുവമ്പാടിവരെയുള്ള രാത്രിയാത്രക്കാർക്ക് അതാശ്വാസമാകും. ഒരുമണിക്കും രണ്ടുമണിക്കുമിടയിൽ പുതിയ സർവീസ് തുടങ്ങിയാലും രാത്രിയാത്രാദുരിതത്തിന് പരിഹാരമാകുമെന്ന് യാത്രക്കാർ പറയുന്നു
Post a Comment