തിരുവനന്തപുരം: നെടുമങ്ങാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 16-കാരനടക്കം മൂന്നുപേർ പിടിയിൽ. എട്ടാം ക്ലാസ് വിദ്യാർഥിനിയായ 12 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിലാണ് 16-കാരനെയും ഇയാളുടെ അമ്മയുടെ സുഹൃത്തായ ചുള്ളിമാനൂരിലെ പുല്ലമ്പാറ സന്തോഷ്(36) എന്നയാളെയും പോലീസ് അറസ്റ്റ് ചെയ്തത്. 16-കാരന് പെൺകുട്ടിയെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തതിനാണ് സന്തോഷിനെ പിടികൂടിയത്. പെൺകുട്ടി നാലാംക്ലാസിൽ പഠിക്കുമ്പോൾ ലൈംഗികമായി പീഡിപ്പിച്ചതിന് ബന്ധുവായ 50-കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോയ വിദ്യാർഥിനിയെയാണ് സുഹൃത്തായ 16-കാരനും സന്തോഷും ചേർന്ന് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. സ്കൂളിൽ വിടാമെന്ന് പറഞ്ഞ് 16-കാരനും സന്തോഷും പെൺകുട്ടിയെ വഴിയിൽനിന്ന് കാറിൽ കയറ്റുകയായിരുന്നു. തുടർന്ന് പെൺകുട്ടിയെ ചുള്ളിമാനൂരിലെ സന്തോഷിന്റെ വീട്ടിലെത്തിച്ചു. ഇവിടെവെച്ച് 16-കാരൻ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സന്തോഷാണ് ഇതിന് അവസരമൊരുക്കി നൽകിയത്. തുടർന്ന് ഉച്ചയോടെ പെൺകുട്ടിയെ ഇവർ വീണ്ടും കാറിൽ കയറ്റി വഴിയിൽ ഇറക്കിവിട്ടു.
കുട്ടി ക്ലാസിലെത്തിയില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചപ്പോഴാണ് വീട്ടുകാർ സംഭവമറിയുന്നത്. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിയെ കണ്ടെത്തുകയുമായിരുന്നു. തുടർന്നാണ് പെൺകുട്ടി സംഭവിച്ച കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞത്. വിശദമായ കൗൺസിലിങ്ങിൽ നാലുവർഷം മുമ്പ് ബന്ധു പീഡിപ്പിച്ച വിവരവും പെൺകുട്ടി വെളിപ്പെടുത്തി. നാലാംക്ലാസിൽ പഠിക്കുന്ന സമയത്താണ് പെൺകുട്ടിയെ അടുത്തബന്ധുവും പീഡനത്തിനിരയാക്കിയത്. തുടർന്ന് ബന്ധുവായ 50-കാരനെയും പോലീസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ 16-കാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി. സന്തോഷിനെയും 50-കാരനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post a Comment