Jun 24, 2022

'പ്രസ്താവന തിരുത്തണം, അതൊരു ഓണംകേറാ മൂലയല്ല'; ധ്യാന്‍ ശ്രീനിവാസനെതിരെ ലിന്റോ ജോസഫ് എംഎല്‍എ


തിരുവമ്പാടി മേഖലയെ മോശമായി ചിത്രീകരിച്ച് സംസാരിച്ച നടന്‍ ധ്യാന്‍ ശ്രീനിവാസനെതിരെ വിമര്‍ശനവുമായി എം.എല്‍.എ ലിന്റോ ജോസഫ്. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയതെന്ന് ധ്യാന്‍ വ്യക്തമാക്കണമെന്നും പ്രദേശത്തെക്കുറിച്ചുള്ള പ്രസ്താവന തിരുത്താന്‍ തയ്യാറാകണമെന്നും ലിന്റോ ജോസഫ് വ്യക്തമാക്കി.
സ്നേഹവും സഹകരണവും നിറഞ്ഞ മനുഷര്‍ താമസിക്കുന്ന സ്ഥലമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ആ നാട് തങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണെന്നും ലിന്റോ ജോസഫ് പറഞ്ഞു.
ലിന്റോ ജോസഫിന്റെ വാക്കുകള്‍: ഓണംകേറാ മൂലയല്ല അഭിമാനമാണ് തിരുവമ്പാടി..പ്രിയപ്പെട്ട ധ്യാന്‍ ശ്രീനിവാസന്‍ അറിയുന്നതിന്.. താങ്കള്‍ ഒരു ഇന്റര്‍വ്യുവില്‍ തിരുവമ്പാടി പ്രദേശത്തെയാകെ മോശമായി സംസാരിച്ചത് കണാനിടയായി. ഏത് സാഹചര്യത്തിലാണ് താങ്കളിത്തരമൊരു പരാമര്‍ശം നടത്തിയത് എന്ന് വ്യക്തമാക്കേണ്ടതുണ്ട്. അത്രയേറേ സ്നേഹവും സഹകരണവും നിറഞ്ഞ ഒരു കൂട്ടം നല്ല മനുഷര്‍ വസിക്കുന്നയിടമാണ് തിരുവമ്പാടി. മത സഹോദര്യത്തിന് കേള്‍വി കേട്ട, അത്യുന്നതമായ സാംസ്‌കാരിക മണ്ഡലമുള്ള, പ്രകൃതി അതിന്റെ സര്‍വ്വാഭരണ ഭൂഷിതയായ ഈ നാട് ഞങ്ങള്‍ക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്.ഒരു മലയോര മേഖലയില്‍ ഉണ്ടാവാനിടയുള്ള വികസന മുരടിപ്പില്‍ നിന്ന് ഒന്നായി ചേര്‍ന്ന് ഈ നാടിനെ കൈ പിടിച്ചുയര്‍ത്തിയവരാണ് തിരുവമ്പാടിക്കാര്‍.! താങ്കളുടെ ഫിലിം ഷൂട്ടിനിടയില്‍ താങ്കള്‍ സഞ്ചരിച്ച റോഡുകളിലൊന്ന് മലയോര ഹൈവേയാണ്. ഈ റോഡിന്റെ മുഴുവന്‍ ദൂരവും ഇരുവശത്തും സ്ഥലം സൗജന്യമായി നല്‍കി വികസനത്തെ ഹൃദയത്തില്‍ സ്വീകരിച്ചവരാണ് തിരുവമ്പാടിക്കാര്‍..! അതിമനോഹരമായ ഈ പാത നിര്‍മ്മാണത്തിന്റെ അവസാന ഘട്ടത്തിലാണ്.
താങ്കളുടെ ഫിലിം ഷൂട്ടിംഗ് നടന്ന ഒരു ലൊക്കേഷനായ ആനക്കാംപൊയിലില്‍ നിന്നാണ് ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ ടണല്‍ പാതയായ ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത ആരംഭിക്കുന്നത്. ബാംഗ്ലൂര്‍-കൊച്ചി ഇടനാഴിയെ എറ്റവും കൂടുതല്‍ സഹായിക്കുന്നത് ഈ പാതയായിരിക്കും. ഈ തുരങ്കപാതയുടെ അനുബന്ധ റോഡായ തിരുവമ്പാടി -മറിപ്പുഴ റോഡിന്റെ പ്രവൃത്തി ആരംഭിക്കാന്‍ പോവുകയാണ്. പ്രവൃത്തികള്‍ പൂര്‍ത്തിയായതിന് ശേഷം ഞങ്ങളുടെ പ്രത്യേക ക്ഷണപ്രകാരം അങ്ങ് ഇവിടെ വരണമെന്ന് ഈ അവസരത്തില്‍ അഭ്യര്‍ത്ഥിക്കുന്നു.
ഞങ്ങളുടെ കുട്ടികളെല്ലാം പഠിക്കുന്നത് ഹൈടെക് ക്ലാസ് മുറികളിലാണ്.സ്‌കൂള്‍ കെട്ടിടങ്ങള്‍ പുതിയകാല നിര്‍മ്മാണത്തിന്റെ രൂപഭംഗി ഉള്‍ക്കൊണ്ട് ഇവരെ സ്വീകരിക്കുന്നു. താങ്കളുടെ സിനിമയുടെ മറ്റൊരു ഷൂട്ടിംഗ് ലൊക്കേഷനായ പുല്ലുരാംപാറയില്‍ മലബാര്‍ സ്പോര്‍ട്സ് അക്കാദമി എന്നൊരു സ്ഥാപനമുണ്ട്.ദേശീയ അന്തര്‍ദേശിയ കായിക ഇനങ്ങളില്‍ രാജ്യത്തിന് അഭിമാനമായത് ഈ കുഞ്ഞു പ്രദേശത്തെ കുഞ്ഞു സ്ഥാപനത്തിലെ കുട്ടികളാണ്.
സന്തോഷ് ട്രോഫി നേടി കേരളത്തിന് അഭിമാനമായ കേരളടീമിന്റെ വിജയ ഗോളിന് വഴിയൊരുക്കിയത് ഞങ്ങളുടെ സൂപ്പര്‍ താരം തിരുവമ്പാടിയിലെ കോസ്മോസിന്റെ പ്രിയപ്പെട്ട കളിക്കാരന്‍ നൗഫലാണ്. ലോകത്തെ പ്രശസ്തമായ വൈറ്റ് വാട്ടര്‍ കയാക്കിംഗ് ഫെസ്റ്റിവല്‍ നടക്കുന്നത് ഞങ്ങളുടെ ഇരവഴിഞ്ഞിപുഴയിലും ചാലിപ്പുഴയിലുമാണ്. മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഈ വര്‍ഷത്തെ ചാമ്പ്യന്‍ഷിപ്പ് അടുത്ത മാസം ആരംഭിക്കും.മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളില്‍ ഒന്നായ 'എന്ന് നിന്റെ മൊയ്തീന്‍' എന്ന ചിത്രത്തിന്റെ ഇതിവൃത്തം ഞങ്ങളുടെ സുല്‍ത്താന്‍ ബി പി മൊയ്തീന്റെയും കാഞ്ചനേടത്തിയുടെയും കഥയാണ്. എന്തിനേറെ,കേരളത്തിലെ മികച്ച മൂന്ന് ഫിലിം തീയേറ്ററുകളെടുത്താല്‍ അതിലൊന്ന് ഞങ്ങളുടെ നാട്ടിലാണ്. മുക്കത്ത്.!
ഞങ്ങളുടെ മലനിരകളെ നോക്കിയാണ് നിങ്ങളീ അബദ്ധം പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ വയനാട് ചുരവും തുഷാരഗിരിയും മറിപ്പുഴയും അരിപ്പാറയും പൂവാറന്‍തോടും മേടപ്പാറയും കക്കാടംപൊയിലുമെല്ലാമുള്‍പ്പെടുന്ന ഗിരിശ്രേഷ്ഠന്‍മാര്‍ ഞങ്ങളുടെ സ്വകാര്യ അഹങ്കാരമാണ്. ഇവിടുത്തെ കാലവസ്ഥയും അന്തരീക്ഷവുമെല്ലാം ഞങ്ങള്‍ക്ക് അമ്മയേപ്പോലെ പ്രിയപ്പെട്ടതാണ്.
താങ്കളുടെ ഒപ്പമുണ്ടായിരുന്ന സിനിമാ പിന്നണി പ്രവര്‍ത്തകര്‍ക്കും താങ്കളുടെ അതേ അഭിപ്രായമാണോ എന്നറിയാന്‍ താത്പര്യമുണ്ട്. താങ്കള്‍ താങ്കളുടെ പ്രസ്താവന തിരുത്താന്‍ തയ്യാറാകണം. ഒരിക്കല്‍ കൂടി പറയുന്നു..തിരുവമ്പാടി ഒരു ഓണംകേറാ മൂലയല്ല..അഭിമാനമാണ് തിരുവമ്പാടി.ലിന്റോ ജോസഫ്, എം.എല്‍.എ, തിരുവമ്പാടി

Post a Comment

favourite category

...
test section describtion

Whatsapp Button works on Mobile Device only